Footy Times

ഡർബി ജയിച്ച് സിറ്റി…

0 22

മാഞ്ചസ്റ്ററിലെ പ്രതാപ കാലം ഒക്കെ ഇനി യുണൈറ്റഡിന് പറഞ്ഞിരിക്കാം. ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ ഡർബി സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്ററിൽ നീലക്കൊടി പറത്തി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി ജയിച്ചത്. ഡി ഹിയയുടെ മികവ് ഇല്ലായിരുന്നുവെങ്കിൽ ഈ ഗോളുകളുടെ എണ്ണം വളരെ വലുതായേനെ.

 

മത്സരം ആരംഭിച്ച് അഞ്ചു മിനുട്ട് മാത്രമേ ആയുള്ളൂ സിറ്റി ലീഡ് എടുക്കാൻ. യുണൈറ്റഡ് ഡിഫൻസ് കാഴ്ചകൾ കണ്ടു നിൽക്കവെ ഡി ബ്രുയിൻ അനായാസം പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിനോട് നല്ല രീതിയിൽ പ്രതികരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയിലൂടെ 22ആം മിനുട്ടിൽ സമനില പിടിച്ചു. പോഗ്ബയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ.

 

ഈ സമനില അധികം നീണ്ടു നിന്നില്ല. 28ആം മിനുട്ടിൽ ഡി ബ്രുയിൻ വീണ്ടും വല കുലുക്കി. സിറ്റി വീണ്ടും മുന്നിൽ. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റിയാദ് മഹ്റസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. ഒരു കോർണറിൽ നിന്ന് മനോഹരമായ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ആണ് മഹ്റസ് തന്റെ ഹോൾ നേടിയത്. ആ ഗോളിന് ശേഷം പിന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു പോരാട്ടം പോലും കാണാനാ യില്ല. അവസാനം മഹ്റസ് ഒരു ഗോൾ കൂടെ നേടിയതോടെ യുണൈറ്റഡ് പതനം പൂർത്തിയായി.

 

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനത്തെ 6 പോയിന്റ് ലീഡ് പുനർസ്ഥാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പരാജയത്തോടെ ടോപ് 4ൽ നിന്ന് പിറകിലേക്ക് പോയി. 47 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.