സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സാഞ്ചോ…. വാനോളം ആവേശത്തിൽ നീലപ്പട
ട്രാൻസ്ഫർ ജാലകത്തിന് തിരശ്ശീല വീഴുമ്പോൾ പ്രോഗ്രസ് കാർഡിൽ പ്രതീക്ഷകളുയർത്തി ചെൽസി. അഭ്യൂഹങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ജെയ്ഡൻ സാഞ്ചോയെ ലോൺ അടിസ്ഥാനത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കെത്തിക്കാൻ കഴിഞ്ഞത് നേട്ടമായി. കഴിഞ്ഞ ചാംപ്യൻസ് ലീഗിലടക്കം തന്റെ പ്രതിഭാ ധാരാളിത്തം പലകുറി തെളിയിച്ചിട്ടുള്ള ഇംഗ്ലീഷ് യുവതാരം ചെൽസിയുടെ കിരീട പ്രതീക്ഷകൾക്ക് മാറ്റു കൂട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
“ഇവിടെയെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യമേകുന്ന ക്ലബ്ബിന്റെ പദ്ധതി മാനേജറിൽ നിന്ന് അറിയാൻ സാധിച്ചതോടെ ഊർജ്ജം ഇരട്ടിയായി”
താൻ ജനിച്ചു വളർന്ന ലണ്ടനിലേക്കുള്ള തിരിച്ചുപോക്കിലെ സന്തോഷം സാഞ്ചോ മറച്ചു വെക്കുന്നില്ല. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് സാഞ്ചോ തുടക്കമിട്ടത് വാറ്റ്ഫോർഡിലാണ്. 14 ആം വയസ്സിൽ സിറ്റിയിലെത്തിയ താരം മൂന്ന് വർഷത്തിന് ശേഷം ബൊറൂഷ്യ ഡോർട്ട്മുണ്ടിലേക്ക് കൂടുമാറി. ക്ലബ്ബിന് വേണ്ടി 4 സീസണുകളിലായി 137 മാച്ചുകൾ കളിച്ച ജെയ്ഡൻ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച വിംഗർമാരിലൊരാളായി പേരെടുക്കുകയും സൂപ്പർ കപ്പും ലീഗ് കപ്പുമടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
നിരവധി വാർത്തകൾ സൃഷ്ടിച്ച 2021 ലെ ട്രാൻസ്ഫറിലൂടെയാണ് പിന്നീട് സാഞ്ചോ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയത്. ആദ്യ സീസണിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 38 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 5 ഗോളുകൾ നേടി. 44 മത്സരങ്ങളിൽ കൂടി ബൂട്ടണിഞ്ഞെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാതായതോടെ ഈ വർഷം ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ തന്റെ പഴയ തട്ടകമായ ഡോർട്ട്മുണ്ടിൽ മടങ്ങിയെത്തുകയായിരുന്നു.
പക്ഷേ, ചാംപ്യൻസ് ലീഗിൽ ക്ലബ്ബിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതോടെ വീണ്ടും മൂല്യം വർദ്ധിച്ച താരത്തെ ലോൺ അടിസ്ഥാനത്തിൽ ചെൽസി റാഞ്ചിയെടുത്തു. ഒട്ടും വൈകാതെ തന്നെ ടീമിനോടൊപ്പം സാഞ്ചോ ചേരുമെന്നാണ് ക്ലബ്ബ് വൃത്തങ്ങൾ അറിയിക്കുന്നത്. കോൾ പാൽമറിനോടൊപ്പം സാഞ്ചോ കൂടി ചേരുന്നതോടെ ആക്രമണത്തിന്റെ മൂർച്ച വർദ്ധിപ്പിക്കാൻ ചെൽസിക്ക് സാധിക്കുമെന്നതിൽ തർക്കങ്ങളില്ല. ഒപ്പം പ്രീമിയർ ലീഗിലെ തങ്ങളുടെ നിറംമങ്ങിയ തുടക്കത്തെ മറികടക്കാനാകുമെന്നും ആരാധകർ കണക്കുകൂട്ടുന്നു.
Discover more from
Subscribe to get the latest posts sent to your email.