ക്രൈഫ് ‘തിരിച്ചാൽ’ തിരിയുന്ന ലോകം

0 1,055

“ഇന്നത്തെ യുഗം ഒരുപക്ഷേ എല്ലാ ബഹിരാകാശ യുഗത്തിനും മീതെയായിരിക്കും,” പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ മിഷേൽ ഫുക്കോയുടെ വാക്കുകളാണിത്. 1967ൽ “ഓഫ് അദർ സ്പേസ്” എന്ന തന്റെ പുസ്തകം രചിക്കുന്ന വേളയിൽ മനുഷ്യ ബുദ്ധിയുടെ സ്ഥലകാല അവബോധത്തിന്റെ ഒരു പര്യവേക്ഷണം അദ്ദേഹത്തിന്റെ ചിന്തകളിൽ ഉടലെടുത്തിരുന്നു.

പ്രസ്തുത സംഭവത്തിനു രണ്ടുവർഷം മുൻപ്, നെതർലാന്റ്സിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിന്റെ പരിശീലക സ്ഥാനത്തേക്ക് ഒരു യുവ പരിശീലകനെ തെരഞ്ഞെടുക്കുകയുണ്ടായി. മിഷേൽസിന്റെ യുവനിര യൂറോപ്പിലെ തന്നെ കരുത്തുറ്റ ടീമുകളിൽ ഒന്നായി മാറുകയും ചെയ്തു. ഫൂക്കോ തന്റെ “ബഹിരാകാശ യുഗം” പ്രഖ്യാപിക്കുന്ന സമയത്ത് മിഷേൽസിന്റെ സംഘം ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായി മുദ്ര വെക്കപ്പെട്ടിരുന്നു. ആ സംഘത്തിന്റെ കാതലായി ലോക ഫുട്ബോളിനെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഒരു കളിക്കാരനുണ്ടായിരുന്നു. ടോട്ടൽ ഫുട്ബോളിന്റെ ചക്രവർത്തിയെന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഡച്ചുക്കാരുടെ പ്രിയങ്കരനായ യോഹാൻ ക്രൈഫ് ആയിരുന്നു അയാൾ.

ദുരിത പൂർണമായിരുന്നു ക്രൈഫിന്റെ ബാല്യകാലം. സ്റ്റേഡിയത്തിലെ തൂപ്പുക്കാരിയായ അമ്മയോടൊപ്പമുള്ള സഹവാസമാണ് ഫുട്ബോൾ എന്ന വിസ്മയ ലോകത്തേക്ക് ക്രൈഫിന്റെ ശ്രദ്ധ തിരിച്ചത്. ഗ്രാമത്തിലെ ഒരു നിയന്ത്രിത ചുറ്റുപാടിൽ വളർന്ന ആ കൊച്ചുപയ്യൻ, ആംസ്റ്റർഡാമിൻറെ വിജനമായ തെരുവുകളിൽ പന്തുതട്ടിയാണ് ബാല്യകാലം ആസ്വാദകരമാക്കിയത്.

1957ൽ അജാക്സ് ആംസ്റ്റർഡാമിലൂടെയാണ് ക്രൈഫ് തന്റെ യൂത്ത് കരിയറിന് നാന്ദി കുറിക്കുന്നത്. യൂത്ത് ടീമിലെ അസാധാരണ കളിമികവു കാരണം ക്രൈഫിനെ റിനേൽ മിഷേൽസിന്റെ ഡ്രീം ടീമിൽ ഇടം നൽകി. പിന്നീട് നടന്നത് ചരിത്രം. ക്രൈഫിന്റെ കരുത്തിൽ അജാക്സ് തുടർച്ചയായി മൂന്നുവർഷം യൂറോപ്യൻ ചാമ്പ്യന്മാരായി. 1972ലെ ലോക ക്ലബ്ബ് ചാമ്പ്യൻഷിപ്പും ആംസ്റ്റർഡാമിലെ ഷെൽഫിലെത്തിച്ചു.

കടലിലെ തിരമാലകൾ എന്നപോലെ കളിക്കളത്തിന്റെ നാനാഭാഗത്തും ക്രൈഫ് ഒഴുകി നടന്നു. മിഷേൽസ് വിത്തുപാകിയ ടോട്ടൽ ഫുട്ബോളിന്റെ “പെർഫെക്ട് എക്സിക്യൂട്ടർ” ആയി അദ്ദേഹം മാറി. ഇക്കാലയളവിൽ, 196 ഗോളുകളും 140 അസിസ്റ്റുകളും ക്രൈഫ് തന്റെ പേരിലാക്കി. ഈ കളിമികവ് പോയ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ അവാർഡിന് അദ്ദേഹത്തെ അർഹനാക്കി.

കാറ്റലോണിയക്കാരും ബാഴ്സലോണ എന്ന ക്ലബ്ബും സ്വാതന്ത്രത്തിനു വേണ്ടി പോരാടി എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് ചെയ്യുമെന്ന് വൈഷമ്യത്തിൽ അകപ്പെട്ട് നിൽക്കുമ്പോഴാണ്, ദൈവദൂതനെ പോലെ സ്പെയിനിലെ രാഷ്ട്രീയ പ്രശ്നങ്ങളെയൊന്നും വകവെക്കാതെ 1973ൽ അയാക്സിൽ നിന്ന് അന്നത്തെ റെക്കോർഡ് തുകയായ 92,22,300 പൗണ്ടിന് ക്രൈഫ് ബാഴ്സയിലേക്ക് ചേക്കേറുന്നത്.

അവിടെനിന്നാണ് ഒരു കളിക്കാരൻ എന്നതിലുപരി ഒരു “creative patron” എന്ന നിലയിലേക്കുള്ള ക്രൈഫിന്റെ വളർച്ച. തന്റെ ഫിലോസഫിയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബാഴ്സലോണക്ക് “ലാ മാസിയ” എന്നൊരു അടിത്തറയും അദ്ദേഹം രൂപീകരിച്ചു. 2008-12 കാലയളവിൽ, ക്രൈഫിന്റെ ശിഷ്യന്മാരിൽ പ്രധാനിയായ സാക്ഷാൽ പെപ് ഗാർഡിയോള തുടക്കം കുറിച്ച ടിക്കി-ടാക്ക എന്ന മനോഹരമായ കളി ശൈലിയുടെ പ്രാഥമിക അവലംബം ക്രൈഫിന്റെ പ്രത്യയശാസ്ത്രമായിരുന്നു. തന്റെ ജീവിതത്തിലെ മൂന്നിൽ രണ്ട് ബാലൺ ഡി ഓറും ബാഴ്സ ജഴ്സിയിലാണ് അദ്ദേഹം കൈവരിച്ചത്.

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം ഹോളണ്ട് ദേശീയ ടീമിനും ക്രൈഫിനും അത്രക്ക് സുഖകരമല്ല. ലോക ഫുട്ബോളിൽ അവർ അജയ്യരായിരുന്നെങ്കിലും ലോകകപ്പ് നേട്ടം എന്നും ഒരു സ്വപ്നമായി തുടർന്നു. അയാക്സിൽ റിനേൽ മിഷേൽസിന്റെ ഡ്രീം ടീമിൽ ഇടം പിടിച്ച് ക്രൈഫ് രണ്ടുവർഷത്തിനകം ഹോളണ്ടിന്റെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് അദ്ദേഹം രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞത്.

1974ൽ വെസ്റ്റ് ജർമനി വേദിയായ ആ ലോകകപ്പിൽ ഹോളണ്ട് ഫൈനൽ വരെ എത്തുകയും ചെയ്തു. നിർഭാഗ്യവശാൽ, തോൽവിയായിരുന്നു അന്തിമഫലം. ആതിഥേയരായ വെസ്റ്റ് ജർമ്മനിക്ക് മുൻപിൽ 2-1 എന്ന മാർജിനിൽ അടിയറവ് പറഞ്ഞെങ്കിലും, ആംസ്റ്റർഡാമിൽ നിന്നുള്ള ആ മനുഷ്യൻ, ടൂർണമെന്റിലുടനീളം അസാമാന്യ പ്രകടനമാണ് കാഴ്ച വെച്ചത്. ആ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൻഡിയോർ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

കളിക്കളത്തിലെ അൽഭുതാവഹമായ വൈദഗ്‌ധ്യം അദ്ദേഹത്തെ കാൽപന്ത് പ്രേമികളുടെ പ്രിയങ്കരനാക്കി. ലോകോത്തര ഡിഫൻഡർമാർ അദ്ദേഹത്തിന്റെ കളിയഴകിന് മുൻപിൽ വട്ടം തിരിയുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. തന്റെ കളി ശൈലിയെക്കുറിച്ച് പൂർണ ബോധവാനായിരുന്നു ക്രൈഫ്, സഹതാരങ്ങളുടെ ഓരോ മൂവ്മെന്റും മനസ്സിലാക്കിയിരുന്നു. രണ്ട് അവസ്മരണീയ നിമിഷങ്ങളും അദ്ദേഹം ആ ലോകകപ്പിൽ കായിക പ്രേമികൾക്കു വേണ്ടി ബാക്കിവെച്ചു.

ഒന്നാമത്തേത്, സ്വീഡനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഡിഫൻഡറെ വകന്നു മാറ്റിക്കൊണ്ട് ഒരു പോക്കറ്റ് കണക്കെയുള്ള സ്പേസിലേക്ക് തിരിഞ്ഞു കൊണ്ടുള്ള മുന്നേറ്റം. പിന്നീട് അതിനെ കാൽപന്ത് നിരീക്ഷകർ “ക്രൈഫ് ടേൺ” എന്ന് ഓമനപ്പേരിട്ട് വിളിച്ചു. രണ്ടാമത്തേത്, വെസ്റ്റ് ജർമനിക്കെതിരായ ഫൈനലിന്റെ തുടക്കത്തിൽ പിറന്ന ഗോൾ. കിക്കോഫിനു ശേഷം എതിർ ടീമിലെ ഒരു കളിക്കാരെ പോലും തൊടാൻ അനുവദിക്കാതെ 16 പാസുകൾക്ക് ശേഷം നേടിയ ആ മാസ്മരിക ഗോൾ. 1978 ലോകകപ്പിന് മുന്നോടിയായി ക്രൈഫ് തന്റെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

ഫിസിക്കൽ സ്റ്റാമിന എന്നതിലുപരി, ഫുട്ബോളിൽ തലച്ചോറുകൾ കൊണ്ട് ഒരു പ്രത്യയശാസ്ത്രം രൂപീകരിച്ച് ആർക്കും മറക്കാൻ കഴിയാത്ത അടിസ്ഥാനങ്ങൾ ഉണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ക്രൈഫ് തന്നെയാണ് ഫുട്ബോൾ ലോകത്തെ ശാസ്ത്രജ്ഞൻ. തന്റെ ഇരുപത് വർഷം നീണ്ട ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ച് കൊണ്ടയാൾ 1984 ഫെയറന്നൂഡിൽ നിന്ന് പടിയിറങ്ങി. ക്ലബ് കരിയറിനോട് വിട പറഞ്ഞെങ്കിലും മാനേജരുടെ കുപ്പായമണിഞ് ടോട്ടൽ ഫുട്ബോളിന്റെ ബാലപാഠങ്ങളെ ക്രൈഫ് പകർന്നു നൽകി. കരിയർ അവസാനിക്കുമ്പോൾ 512 മത്സരങ്ങളിൽ നിന്ന് 269 കോളുകളും 148 അസിസ്റ്റുകളും ക്രൈഫിന്റെ പേരിലുണ്ടായിരുന്നു.

 

Comments
Loading...
%d bloggers like this: