Footy Times

ലോകകപ്പ് കഥകൾ: റണ്ണേഴ്സ് റിപ്പബ്ലിക്

0 160

ഒരു ഗോളകലെ ലോകകിരീടമിരിക്കെ അതങ്ങു കൈവിട്ടു പോകുന്ന സന്ദർഭങ്ങൾ വേൾഡ്കപ്പ് ഫൈനലുകളിലുണ്ടാവാറുണ്ട്. ഒരു നിമിഷത്തിന്റെ നിർഭാഗ്യമോ, ഒരു കൗണ്ടർ അറ്റാക്കോ, ഒരു മിസ്സ്‌ പാസ്സോ മൂലമായി തങ്കലിപികൾകൊണ്ട് ‘വിന്നേഴ്സ്’ എന്ന് ആലേഖനം ചെയ്യപ്പെടേണ്ടത് പൊടുന്നനെ ‘റണ്ണേഴ്സ്’ എന്നായി മാറുന്നു. 2014ലെ ‘മാരക്കാന’ ഫൈനലിൽ അർജന്റീനയും 2010 ജോഹന്നാസ്ബെർഗ് ഫൈനലിൽ ഹോളണ്ടും അവസാന നിമിഷങ്ങളിലൊന്നിൽ വീണുപോയത് ലോകം കണ്ടതാണ്.

ലോകക്കപ്പ് ചരിത്രത്തിലെ വിതുമ്പുന്ന ഏടുകളാണ് റണ്ണേഴ്‌സുകളുടേത്. ഒന്നിലേറെ തവണ ഫൈനൽ ബെർത്ത്‌ ലഭിച്ചിട്ടും ഇതുവരെ ലോകകിരീടം ചൂടാനാകാതെ പടിയിറങ്ങിപ്പോയവരുണ്ട്. വിശ്വം കീഴടക്കിയവരെക്കാൾ ആഘോഷിക്കപ്പെടുന്ന, ആരാധകർ ഓർക്കുന്ന രണ്ടാം സ്ഥാനക്കാർ ഇക്കൂട്ടത്തിലുണ്ട്.

ഹോളണ്ട്

നിർഭാഗ്യത്തിന്റെ പര്യായമാണ് ഹോളണ്ട്. മൂന്ന് തവണ ലോകക്കപ്പ് ഫൈനലിൽ പ്രവേശിച്ചിട്ടും ഒന്നിലും ജയിക്കാനവർക്കായില്ല. അതിലെ രണ്ടെണ്ണം തുടർച്ചയായുള്ള ഫൈനലുകളാണ് എന്നതാണ് ഏറെ ദുഃഖകരം. 1974ൽ പശ്ചിമ ജർമനിയോട് 2-1നും 1978ൽ അർജന്റീനയോട് 3-1നും ഡച്ചുകാർ പരാജയപ്പെട്ടു. രണ്ടും ആതിഥേയരോട്. 74ൽ രണ്ടാം മിനുട്ടിൽ തന്നെ പനാൽറ്റിയിലൂടെ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടുഗോൾ വഴങ്ങി കിരീടം കൈവിട്ടു. 78ലാവട്ടെ ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും കളി അവസാനക്കാൻ എട്ട് മിനുട്ട് ശേഷിക്കെ അവർ തിരിച്ചടിച്ചു. പക്ഷേ അധികസമയത്ത് രണ്ട് ഗോളുകൾ കൂടി വഴങ്ങി പത്തിമടക്കി പിൻവാങ്ങി.

2010 വേൾഡ് കപ്പിൽ ഇനിയെസ്റ്റ ഹോളണ്ടിനെതിരെ ഗോൾ നേടുന്നു

മറ്റൊന്ന് 2010ലാണ്. മൂന്നാം ഫൈനലിലെങ്കിലും വിജയിക്കണമെന്ന ലക്ഷ്യത്തിലെത്തിയ ഓറഞ്ചുപടയുടെ സ്വപ്നം സ്പെയിനിന്റെ ഇനിയേസ്റ്റ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ തട്ടിത്തെറിപ്പിച്ചു.

ഹംഗറി

1950കളിൽ യൂറോപ്യൻ ഫുട്ബാളിൽ എതിരാളികളുടെ മുട്ടുവിറപ്പിച്ച അപരാജിത ടീമായിരുന്നു ഹംഗറിയുടേത്. 1950 മുതൽ തോൽവിയറിയാത്ത നാല് വർഷങ്ങൾ താണ്ടിയ ‘അരാനിക്സ്പാറ്റ്(Aranycsapat)’ അഥവാ ‘സുവർണ ടീമെ’ന്നും ‘മാജിക്കൽ മഗ്യാർസ്’ എന്നും ഫുട്ബാൾ ലോകം നാമകരണം ചെയ്ത സംഘം. 1953ൽ നടന്ന യോഗ്യത മത്സരങ്ങളിലെല്ലാം അസാധ്യ പ്രകടനം കാഴ്ചവെച്ച് 54ലെ ലോകമാമാങ്കത്തിനെത്തിയ പുഷ്കാസിന്റെ ഹംഗറി സുന്ദരമായി ലോകകിരീടം കൈവെള്ളയിലൊതുക്കുമെന്ന് ഏവരുമുറപ്പിച്ചിരുന്നെങ്കിലും ഫൈനൽ മത്സരത്തിൽ പശ്ചിമ ജർമനിക്കുമുമ്പിൽനിർഭാഗ്യവാശാൽ കീഴടങ്ങി. ആദ്യ എട്ടുമിനുട്ടിൽ തന്നെ രണ്ടുഗോളിന്റെ മുൻ‌തൂക്കം നേടിയെങ്കിലും മൂന്ന് ഗോൾ വഴങ്ങി അവർ ആറുവർഷത്തിനിടയിലെ(1950-56) ആദ്യ തോൽവിയറിയുകയായിരുന്നു. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 8-3ന് ഹംഗറി ജയിച്ചിരുന്നെങ്കിലും ഫൈനലിൽ ജയമാവർത്തിക്കാനായില്ല.

മറ്റൊന്ന് 1938ലാണ്. നോക്കൗട്ട് മത്സരങ്ങളിൽ 13 ഗോളുകൾ നേടി ഒരു ഗോൾ മാത്രം വഴങ്ങി ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് 4-2ന് പരാജയപ്പെടുകയാണുണ്ടായത്.

ചെക്കോസ്ലോവാക്യ

1990 വരെ ചെക്കോസ്ലോവാക്യ എന്ന രാജ്യം വേൾഡ് കപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് 1993ൽ ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നീ രണ്ട് രാജ്യങ്ങളായി പിരിയുകയായിരുന്നു. ലോകക്കപ്പിൽ ഇന്ന് പറയത്തക്ക പ്രകടനം ഇരുടീമുകളും കാഴ്ചവെക്കുന്നില്ലെങ്കിലും ചെക്കോസ്ലോവാക്യക്ക് രണ്ട് വേൾഡ് കപ്പ് ഫൈനൽ കളിച്ച ചരിത്രമുണ്ട്. ലോകകപ്പിന്റെ രണ്ടാം എഡിഷനായ 1934ലും 1962ലുമാണ് അവർക്ക് ഫൈനൽ ബെർത്ത്‌ ലഭിച്ചത്. 34ൽ ആതിഥേയരായ ഇറ്റലിയോട് അവസാന അങ്കത്തിൽ വീണുപോയി. കളിയുടെ അവസാന നിമിഷങ്ങളിലാണ് ഇരുടീമുകളും ലക്ഷ്യം കണ്ടത്. തുടർന്ന് അധികസമയത്തിന്റെ തുടക്കത്തിൽ തന്നെ സ്കോർ ചെയ്ത് ഇറ്റലി ലീഡുയർത്തി വിജയിക്കുകയായിരുന്നു.

1962ൽ 3-1 ന് ബ്രസീലിനോടാണ് ചെക്കോസ്ലോവാക്യ പരാജയപ്പെട്ടത്. 54ലേതുപോലെ ഫൈനലിൽ മാറ്റുരച്ച ടീമുകൾ ഗ്രൂപ്പ്‌ ഘട്ടത്തിലും ഏറ്റുമുട്ടിയിരുന്നു. അതൊരു ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. പെലെയുടെ അഭാവത്തിൽ ഇറങ്ങിയ ഗരിഞ്ചയും വാവയുമെല്ലാം അണിനിരന്ന ബ്രസീലിനെതിരെ 15-ആം മിനുട്ടിൽ ചെക്കോസ്ലോവാക്യ വലകുലുക്കിയെങ്കിലും എതിരാളികൾ തിരിച്ച് മൂന്നുതവണ പ്രഹരമേൽപ്പിച്ചു. അങ്ങനെ ചെക്കോസ്ലോവാക്യ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും കിരീടമണിയാനാകാതെ മടങ്ങി.

സ്വീഡൻ, ക്രൊയേഷ്യ

ലോകക്കപ്പ് ഫൈനൽ കളിച്ചിട്ടും കപ്പടിക്കാനാവാത്ത മറ്റു ടീമുകളാണ് സ്വീഡനും, ക്രൊയേഷ്യയും. 1938ലും 1950ലും സെമിയിൽ പ്രവേശിച്ചിട്ടുള്ള സ്വീഡൻ, തങ്ങൾ ആതിഥേയത്വം വഹിച്ച 1958 വേൾഡ് കപ്പിൽ ഫൈനലിലെത്തിയെങ്കിലും കരുത്തരായ ബ്രസീലിനോട് പരാജയപ്പെട്ടു. ആദ്യമായി ലോകക്കപ്പിൽ പന്തുതട്ടാനിറങ്ങിയ യുവതാരം പെലെ രണ്ടുപ്രാവശ്യം വലകുലുക്കിയ മത്സരത്തിൽ ബ്രസീൽ 5-2ന് വിജയിച്ചു.

2018 ലോകകപ്പിൽ ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഹെയ്‌റ്റേഴ്സ് ഒട്ടുമില്ലാത്ത ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഫ്രാൻസിനോട് 4-2ന് പരാജയപ്പെടുകയാണുണ്ടായത്.