Footy Times

അത്ര കൂളല്ല പുത്തൻ കളിയിടങ്ങൾ

0 249

ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുകയാണ് ലോകം. എല്ലാം എളുപ്പവും വേഗവുമാക്കാനുള്ള നിരവധി സാങ്കേതിക വിദ്യകളാണ് ദിനംപ്രതി വിപണിയിലേക്ക് ഒഴുകിയെത്തുന്നത്.

കായിക രംഗത്ത്, പ്രത്യേകിച്ച് ഫുട്ബോൾ രംഗത്ത് അങ്ങനെയുണ്ടായ വലിയ മാറ്റമാണ് ഈ അടുത്തായി കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച 5s ടർഫുകൾ. ഒരു പഞ്ചായത്തിൽ തന്നെ രണ്ടോ മൂന്നോ ടർഫുകൾ ഉയർന്നു വന്നതിൽ നിന്നുതന്നെ ഫുട്ബോൾ ടർഫുകൾക്ക് ലഭിച്ച ജനപ്രീതിയും സാമ്പത്തിക നേട്ടങ്ങളും നമുക്കു മനസ്സിലാക്കാം.

കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിൽ, പ്രത്യേകിച്ചും മലബാർ ഭാഗത്ത്‌ 5s ടർഫുകൾ കൃത്യമായ സാന്നിധ്യമറിയിച്ചു തുടങ്ങുന്നത്. തുടക്ക സമയത്ത്‌ ഒരു മണിക്കൂർ 2000-2500 രൂപയോളമായിരുന്നു ഉപഭോക്താക്കൾ നൽകേണ്ടിയിരുന്ന വാടക.

ഇത് വലിയ തുകയായതിനാൽ ടർഫുകൾക്ക് കുട്ടികളിലും യുവാക്കളിലും വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധിച്ചില്ല. പിന്നീടങ്ങോട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം കുറഞ്ഞ ചിലവിൽ ടർഫുകൾ ലഭ്യമായി തുടങ്ങിയതോടെ യുവാക്കൾക്കിടയിൽ ടർഫുകൾ സ്ഥിരം സാന്നിധ്യമായി മാറി.

പുൽമൈതാനിയിൽ കളിക്കാൻ കഴിയുക, രാത്രി സമയങ്ങളിൽ ഫ്ലഡ് ലൈറ്റിനു കീഴിൽ കളിക്കാൻ കഴിയുക, തുടങ്ങിയ നിരവധി ഘടകങ്ങൾ ടർഫ് ഉപയോഗം സാധാരണക്കാർക്കിടയിൽ സ്ഥിരമായി മാറുകയായിരുന്നു. തുടക്കത്തിൽ മണിക്കൂറിന് 2000 മുതൽ 2500 വരെയുണ്ടായിരുന്ന വാടക 800 മുതൽ 1000 വരെ എന്ന നിലക്ക് കുറഞ്ഞതോടെ ഉപഭോക്താക്കളും ഇരട്ടിയിലധികം വർധിച്ചു.

പ്രതീക്ഷകൾ നിരവധി

ചാഞ്ഞും ചരിഞ്ഞും കിടക്കുന്ന പാടത്തും പറമ്പിലും മാത്രം ഫുട്ബോൾ കളിച്ചു നടന്നിരുന്ന കേരളത്തിലെ ഫുട്ബോൾ പ്രതിഭകൾക്ക് കൂടുതൽ സാങ്കേതിക മികവോടെയുള്ള ഫുട്ബോൾ ടർഫുകളിൽ കളിക്കുവാനുള്ള അവസരം പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കടക്കാൻ വലിയ മുതൽക്കൂട്ടാവും. ടർഫുകളുടെ സൗകര്യം കണക്കിലെടുത്ത് വലിയ രീതിയിൽ ഫുട്ബോൾ ടൂർണമെന്റുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

50,000 മുതൽ 5 ലക്ഷം വരെ സമ്മാനത്തുകയുള്ള വലിയ ടൂർണമെന്റുകളാണ് ടർഫുകളിൽ അരങ്ങേറുന്നത്. ഈ മത്സരങ്ങൾക്ക് ലഭിക്കുന്ന വലിയ ജനപ്രീതിയെ തുടർന്ന് വൻകിട വ്യാപാര സ്ഥാപനങ്ങൾ ഫുട്ബോൾ രംഗത്തേക്ക് ലക്ഷങ്ങൾ നിക്ഷേപിക്കാൻ തയ്യാറാവുന്നു എന്നതും പ്രാദേശിക ഫുട്ബോളിന്റെ വലിയ വികസനങ്ങളിലൊന്നാണ്.

ടുർണമെന്റുകൾക്ക് വേണ്ടി നിലവിൽ വലിയ രീതിയിൽ മികച്ച കളിക്കാരെ ടീമുകളിലേക്കെത്തിക്കുന്ന പ്രവർത്തിയും കാണപ്പെടുന്നുണ്ട്. ഇതുവഴി മോശമല്ലാത്ത തുക സമ്പാദിക്കാൻ ഫുട്ബോൾ പ്രതിഭകൾക്ക് സാധിക്കുന്നുണ്ട്. ഇത്
പ്രാദേശിക ഫുട്ബോൾ താരങ്ങളെ സംബന്ധിച്ചടത്തോളം കേരളത്തിൽ അങ്ങോളമിങ്ങോളം കളിക്കുവാനും, ആരാധകരുണ്ടാകുന്ന നിലവാരത്തിൽ സെലിബ്രിറ്റി ഫുട്ബോളറായി വളരാനും വഴിയൊരുക്കുന്നു.

ആശങ്കകളും ഏറെയാണ്…

ലോക ഫുട്ബോൾ ഭൂപടത്തിൽ കാര്യമായ കയ്യൊപ്പുകളൊന്നും ഇതുവരെ സൃഷ്ടിക്കാൻ കഴിയാതെ പോയ രാജ്യമാണ് ഇന്ത്യ. ഇത് ഇന്ത്യയിലെ ഫുട്ബോൾ പ്രതിഭകളുടെ കുറവുകൊണ്ടു മാത്രമല്ല. മറിച്ച് കൃത്യമായി ഗ്രാസ് റൂട്ട് ലെവലിൽ നിന്നുകൊണ്ട് പ്രതിഭകളെ കണ്ടെത്തുവാനും അവരെ വളർത്തിയെടുക്കാനുമുള്ള സംവിധാനങ്ങളുടെ അഭാവവും, ഇന്ത്യൻ ജനതയുടെ കുറഞ്ഞ കായിക ക്ഷമതയും ഇതിനു കാരണമാണ്.

അനസ് എടത്തൊടിക

5s ടർഫുകളുടെ വളർച്ചയും ഈ അടുത്തായി കണ്ടുവരുന്ന ഒരു തരം ടർഫ്‌ കൾച്ചറും കേരളത്തിലെ ഫുട്ബോൾ പ്രതിഭകളുടെ വളർച്ചയിൽ സാരമല്ലാത്ത പരിക്കേൽപ്പിക്കും. സ്ഥിരമായി പാടത്തും പറമ്പിലും രണ്ടും മൂന്നും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വൈകുന്നേര 7s അല്ലെങ്കിൽ 11s മത്സരങ്ങൾ പ്രതിഭകളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ടർഫുകളുടെ വരവോടെ 5s ശൈലിയിലേക്ക് ചുരുങ്ങിയ ഫുട്ബോൾ കൂടുതൽ ആശങ്ക നൽകുന്നു.

ഇതുവഴി അന്യം നിന്നുപോവുന്ന ‘കണ്ടം’ കളികളും 5s ടർഫുകളുടെ സ്വാധീനവും വരും തലമുറയിൽ താരതമ്യേന കായികക്ഷമത കുറഞ്ഞ കളിക്കാരെ വളർത്തും. അല്ലെങ്കിൽ ലോക ഫുട്ബോളിൽ അത്ര പ്രചാരമില്ലാത്ത ഫുട്‌സാൽ രീതിയിലേക്ക് മാത്രം ചുരുങ്ങി പോകുമോ എന്നതും ഗൗരവപൂർവ്വം നോക്കിക്കാണേണ്ട കാര്യമാണ്.

ഒരുസമയത്ത്‌ കളിസ്ഥലങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്ന ഘട്ടങ്ങളിൽ നിന്നും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും നിറഞ്ഞു നിന്നിരുന്ന പറമ്പുകൾ ഇന്ന് കാലിയായി കിടക്കുന്ന അവസ്ഥയിലേക്ക് എത്തിയതിൽ 5s ടർഫുകൾക്ക് വലിയ പങ്കുണ്ട്. പല ടർഫുകളിലെയും നിലവാരം കുറഞ്ഞ പുൽമൈതാനവും കൃത്യമായ ഗ്രാസ് ബൂട്ടുകൾ ഉപയോഗിക്കാത്തതും പരിക്കുകൾ വർധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്.

 

പണം നൽകിക്കൊണ്ടുള്ള ടർഫ് മത്സരങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവുന്നത് ഒരുപക്ഷേ എല്ലാ സഹചര്യത്തിലുമുള്ള ആളുകൾക്ക് സ്ഥിരമായോ അല്ലാതെയോ ടർഫ് ഉപയോഗപ്പെടുത്താൻ കഴിയണമെന്നില്ല. അങ്ങനെയാകുമ്പോൾ ഒരുപക്ഷേ റിക്ഷക്കാരൻ അനസ് എടത്തൊടിക ഇന്ത്യൻ പ്രതിരോധം കോട്ട കെട്ടി കാത്തത് പോലെയുള്ള ചരിത്രങ്ങൾ അവർത്തിക്കപ്പെടാതെ പോവും.

പണമുള്ളവന്റെ മാത്രം കളിയിടമായി മാറാൻ ഒരിക്കലും ഒരു കായിക ഇനത്തെയും അനുവദിച്ചുകൂട. യഥാർഥ ഫുട്ബോൾ ശൈലി 11s ശൈലിയാണ്. ബാക്കിയുള്ളതൊക്കെയും ഫുട്ബോളിന്റെ വ്യത്യസ്തമായ ചെറു രൂപങ്ങൾ മാത്രമാണ്. അതിനാൽ തന്നെ 11s മത്സരങ്ങൾക്ക് വേണ്ടിയാകണം ഓരോ ഫുട്ബോൾ പ്രതിഭയെയും വളർത്തിയെടുക്കേണ്ടത്.

ടർഫ് എന്ന നല്ലൊരു ആശയത്തെ അംഗീകരിച്ചുകൊണ്ട് തന്നെ 11s ശൈലിക്ക് അനുയോജ്യമായ ശാരീരികവും സാങ്കേതികവും സാമ്പത്തികവുമായ വളർച്ചക്കുവേണ്ട സംവിധാനങ്ങൾ ഒരുക്കുന്നത്തിലും കൃത്യമായ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ നാളെ ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യൻ പതാകയും ജ്വലിക്കുകയുള്ളൂ.