നിനക്കീ ഉറക്കമൊഴിഞ്ഞ് ഇതു കണ്ടിട്ട് എന്ത് കിട്ടാനാ…?
“നിനക്കീ ഉറക്കമൊഴിഞ്ഞ് ഇതു കണ്ടിട്ട് എന്ത് കിട്ടാനാ…”, ഇങ്ങനെയൊരു ചോദ്യം ജീവിതത്തിൽ നേരിട്ടിട്ടില്ലാത്ത ഒരു കാൽപ്പന്തു പ്രേമിയും ഉണ്ടാവില്ല, അല്ലെ? സാധാരണമായ വിനോദങ്ങളിൽ നിന്ന് കാൽപന്ത് പ്രേമം വ്യത്യസ്തമാവുന്നത് എവിടെയാണ് എന്നു ചോദിച്ചാൽ, അത് ‘കളി കാര്യമാവുന്നിടത്താണ്’ എന്നു വേണം പറഞ്ഞുവെക്കാൻ.
ഉറക്കമൊഴിയാൻ കാരണങ്ങൾ ഏറെയാണ്. ഹിസ്റ്ററി ക്ലാസ്സുകളിൽ നാം പഠിച്ചിട്ടില്ലാത്ത സെനഗലും വെയ്ൽസും കോസ്റ്ററീക്കയും എക്വഡോറും മുതലായ ഒരുപറ്റം കുഞ്ഞു രാജ്യങ്ങളെ നാം അറിഞ്ഞത് രാത്രിയിലെ ഉറക്കമൊഴിഞ്ഞുള്ള കളിയിരുത്തങ്ങളിൽ നിന്നു തന്നെയാണ്.

ഏഷ്യൻ-അമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങളെ വേർതിരിച്ചു പഠിക്കാൻ ടീച്ചർ പറയുന്നിടത്, യൂറോ കപ്പും കോപ്പാ അമേരിക്കയും ഏഷ്യാ കപ്പും എന്നൊക്കെ നേരത്തെ വേർതിരിച്ചു പഠിപ്പിച്ചിരുന്നു എന്ന് ഓരോ കാൽപന്ത് പ്രേമിക്കും പറയാൻ കഴിയുന്നുണ്ടെങ്കിൽ, അത് ഈ പറയുന്ന ‘ഉണർന്നിരിക്കലുകളിൽ’ നിന്നു തന്നെയാണ്. ഈ ചോദ്യം വീണ്ടും ഉന്നയിക്കുന്നവരോട് അവരറിയാത്ത ചരിത്രങ്ങളെ പറ്റി പറഞ്ഞുകൊടുക്കണം.
ചരിത്ര പാഠപുസ്തകങ്ങളിൽ പഠിപ്പിച്ചിട്ടില്ലാത്ത കാറ്റലോണിയൻ ചരിത്രം പറഞ്ഞു കൊടുക്കണം. ഹിറ്റ്ലറിന്റെ പീരങ്കിപ്പടയെ കാൽപന്ത് കൊണ്ട് ലോകത്തിന് മുൻപിൽ നാണം കെടുത്തിയ ഡൈനാമോ കിയവിനെയും, death match അഥവാ ‘മരണക്കളി’ എന്നറിയപ്പെടുന്ന കൽപന്ത് യുദ്ധത്തെ പറ്റിയും പറഞ്ഞു കൊടുക്കണം.
സെനഗൽ എന്ന കുഞ്ഞു ദരിദ്ര രാജ്യത്ത് ഇന്ന് നടക്കുന്ന വലിയ സൗകര്യ വികസനങ്ങളിൽ സാദിയോ മാനെ എന്ന കാൽപ്പന്തു കളിക്കാരന്റെ കാലുകൾ വഹിച്ച പങ്കിനെ പറ്റി പറഞ്ഞു കൊടുക്കണം. കറുത്ത വംശജർക്കും മറ്റു പല അരികു വിഭാഗങ്ങൾക്കുമെതിരെ ലോകത്താകമാനം വർണ വിവേചനങ്ങൾ അരങ്ങേറുമ്പോൾ, പച്ചപ്പുൽ മൈതാനിക്കു മുകളിൽ കെട്ടിപിടിച്ച് ദേശീയ ഗാനമാലപിക്കുന്ന പോൾ പോഗ്ബയെയും അന്റോണിയോ ഗ്രീസ്മാനെയും കാണിച്ചു കൊടുക്കണം.
സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ പല സമയങ്ങളിലും കലിടറിയപ്പോൾ ഉർജ്ജമായത് ഇന്ന് പ്രതിദിനം കോടികൾ സമ്പാദിക്കുന്ന പഴയ ‘തൂപ്പുകാരൻ’ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നു കാണിച്ചു കൊടുക്കണം. പരാജയങ്ങളിൽ ജീവിതം മടുത്തു തുടങ്ങുമ്പോൾ ജീവിക്കാനുള്ള ഇന്ധനം ലഭിച്ചത് ബലഹീനമെന്ന് വിധിയെഴുതിയ ലയണൽ ആന്ദ്രെസ് മെസ്സിയുടെ കാലുകൾ ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാലുകളായി മാറിയപ്പോഴാണ് എന്ന് വ്യക്തമായി പറഞ്ഞുകൊടുക്കണം.
കാൽപന്ത് കേവലമൊരു വിനോദം മാത്രമല്ല, അതിൽ രാഷ്ട്രീയമുണ്ട്, ചെറുത്തുനിൽപ്പുണ്ട്, മാതൃകകളുണ്ട്. ഉറക്കമൊഴിച്ച് കിട്ടിയതൊക്കെയും ഒരു രാത്രി കൊണ്ട് പറഞ്ഞുവെക്കാൻ പറ്റുന്നതല്ല. ഇതൊരു സാധാരണ വിനോദമായിരുന്നെങ്കിൽ തോൽവികളിൽ നാം ദിവസങ്ങളോളം കരയില്ലായിരുന്നു. വിജയങ്ങളിൽ നാം നിരന്തരം ഉല്ലസിക്കില്ലായിരുന്നു.
ക്യാപ്റ്റൻ എന്ന സിനിമയിൽ സിദ്ദിഖ് പറഞ്ഞുവെക്കുന്ന ഒരു വർത്തമാനമുണ്ട്. “ഇത് വെറുതെയിട്ടു തട്ടാനുള്ള പന്തല്ല. ഭൂഗോളമാണ്. നല്ലോണം തട്ടിയാൽ ഇത് നിന്നെയും കൊണ്ട് ലോകം കറങ്ങും”. അതെ, ഈ പന്തിൽ നിറച്ച കാറ്റിന് ലോകത്തിന്റെ സ്പന്ദനമുണ്ട്. പ്രതിരോധിന്റെ ശക്തിയുണ്ട്. വിജയത്തിന്റെ മധുരമുണ്ട്. പ്രതീക്ഷയുടെ ഗന്ധവുമുണ്ട്.