Footy Times

ബയേണിനെ വലിച്ചുകീറി ബാർസ

0

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശ പോരിൽ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാർസ ലോണ. ബാർസ ക്കായി ക്യാപ്റ്റൻ റാഫീന്യ ഹാട്രിക് നേടിയപ്പോൾ മറ്റൊരു ഗോൾ ലെവൻഡോസ്കിയുടെ ബൂട്ടിൽ നിന്നായിരുന്നു.

കഴിഞ്ഞ നാല് ഏറ്റുമുട്ടലിൽ എതിരില്ലാത്ത വിജയങ്ങൾ നേടിയ ബയേൺ ആത്മവിശ്വാസത്തോടെയാണ് കളത്തിൽ ഇറങ്ങിയത്. പക്ഷേ ആദ്യ മിനിറ്റിൽ തന്നെ റാഫീന്യ ആദ്യ പ്രഹരം ഏൽപ്പിച്ചു. മധ്യവരയിൽ നിന്നും ഫെർമിൻ ലോപ്പസ് നീട്ടി നൽകിയ ത്രൂ പാസിലേക്ക് ഓടി കയറിയ താരം ഗോൾകീപ്പറെയും മറികടന്ന് സ്കോർ ബോർഡിൽ ചലനം സൃഷ്ടിച്ചു. പത്ത് മിനിറ്റുകൾക്കപ്പുറം ബയേൺ കെയ്നിലൂടെ ഒപ്പമെത്തിയെങ്കിലും വാർ വില്ലനായി. പതിനെട്ടാം മിനിറ്റിൽ ബയേണിൻ്റെ സമനില ഗോൾ എത്തി. ഇടതു വിങ്ങിൽ നിന്നും ഗ്നാബ്രി നൽകിയ ക്രോസിനെ സുന്ദരമായ വോളിയിലൂടെ കെയ്ൻ വലയിൽ എത്തിച്ചു.

മത്സര സമയം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും അടുത്ത ഗോളെത്തി. പന്തുമായി ബോക്സിലേക്ക് ഓടി കയറിയ ഫെർമിൻ ലോപസിനെ പ്രതിരോധിക്കാൻ ഓടിയടുത്ത മാനുവൽ ന്യൂയറിന് പിഴച്ചു. ഫെർമിൻ തട്ടി നൽകിയ പന്തിൽ നിന്ന് ലെവൻഡോസ്കി ബാർസയെ വീണ്ടും മുന്നിലെത്തിച്ചു. ഇടവേളക്ക് പിരിയും തൊട്ട് മുമ്പ് ബാർസ ലീഡ് വീണ്ടും ഉയർത്തി, വലതു വിങ്ങിൽ നിന്നും കസാഡോ ഉയർത്തി നൽകിയ പന്തിനെ സ്വീകരിച്ച റാഫീന്യ പന്തിനെ ഒരു മഴവില്ല് കണക്കെ വലയിൽ എത്തിക്കുമ്പോൾ ബയേൺ പ്രതിരോധ നിരക്ക് കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഇടവേള കഴിഞ്ഞു മടങ്ങിയെത്തിയ ബാർസ കൂടുതൽ അക്രമകാരികളായി. രണ്ടാം പകുതിയിൽ പതിനഞ്ച് മിനിറ്റുകൾ പിന്നിടുമ്പോൾ റാഫീന്യ
ഹാട്രിക് പൂർത്തിയാക്കി. ലാമിൻ യമലായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

ഇതോടെ ബയേൺ നാല് മാറ്റങ്ങൾ വരുത്തി. മുസിയാല, കോമാൻ, ഗോറെട്സ്ക തുടങ്ങിയ മിന്നും താരങ്ങൾ കളത്തിലിറങ്ങിയെങ്കിലും സ്കോർബോർഡിൽ പിന്നീട് മാറ്റമൊന്നും ഉണ്ടായില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ ബയേണിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. നവംബർ 7 ന് നടക്കുന്ന മത്സരത്തിൽ ബെനിഫിക്കയാണ് ബയേണിൻ്റെ എതിരാളികൾ.


Discover more from

Subscribe to get the latest posts sent to your email.