ചാമ്പ്യൻസ് ലീഗ് : ആദ്യ പാദത്തിൽ റയൽ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബദ്ധവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. രണ്ടാം പാദം അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിൽ മാർച്ച് പതിമൂന്നിന് നടക്കും.
നാലാം മിനുട്ടിൽ റയൽ ലീഡ് നേടി, മധ്യവരക്കടുത്തുനിന്ന് വൽവർഡെ നൽകിയ ത്രൂ പാസ് പിടിച്ചെടുത്ത റോഡ്രിഗോ മനോഹരമായ ടച്ചിലൂടെ ഗലനെ മറികടന്ന് ബോക്സിലേക്ക്. പ്രതിരോധ താരങ്ങളെ കാഴ്ചക്കാരനാക്കി റോഡ്രിഗോ എടുത്ത ഇടങ്കാലൻ ഷോട്ട് വലയിലെത്തി. 32ാം മിനുട്ടിൽ സമാനമായ ഗോളിലൂടെ അത്ലറ്റിക്കോ ഒപ്പമെത്തി. ഗലനിൽ നിന്നും പാസ് സ്വീകരിച്ച അൽവാരസ് മെൻ്റിയെ മറികടന്ന് തൊടുത്ത മഴവില്ല് കണക്കെയുള്ള ഷോട്ട് തിബോ കോർട്ടുവക്ക് പിടി കൊടുക്കാതെ വലയിലേക്ക് കയറി. രണ്ടാം പകുതിയിൽ റയൽ വീണ്ടും ലീഡ് എടുത്തു, ഇടതു വിങ്ങിലൂടെ മെൻ്റിയും ബ്രഹീമും ചേർന്ന് നടത്തിയ മുന്നേറ്റത്തിനോടുവിൽ ബ്രഹിം തൊടുത്ത ഷോട്ട് ഗോളായതോടെ അത്ലറ്റിക്കോ സമനില ഗോളിനായി കൂടുതൽ ആക്രമിച്ചു കളിച്ചു. അവസരങ്ങൾ ലഭിച്ചുവെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ആതിഥേയർ നിർണായകമായ ജയം സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ ആര്‍സനൽ പി.എസ്.വി യെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്തു വിട്ടപ്പോൾ ആസ്റ്റൺ വില്ല ക്ലബ് ബ്രൂജിനെതിരെ 3-1 ന് വിജയിച്ചു. ഡോട്ടുമുണ്ട് – ലില്ലെ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു.