Footy Times

ജീസസ് : ഉയർത്തെഴുന്നേപ്പിൻ്റെ നായകൻ

0

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷക്കെതിരെ മികച്ച വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഈ വർഷത്തെ ആദ്യ ഹോം മത്സരം വിജയിക്കുന്നത്. മാനേജ്മെന്റിനോട് നിസ്സഹകരണം പ്രഖ്യാപിച്ച ആരാധക കൂട്ടായ്മ ഗാലറിയിൽ നിന്നും പിന്മാറിയപ്പോൾ കേവലം 3000ത്തിൽ പരം ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയത്.

നാലാം മിനിറ്റിൽ ഒഡീഷ ലീഡ് എടുത്തു. ഒഡീഷാ പ്രതിരോധത്തിൽ നിന്നും ക്ലിയർ ചെയ്ത പന്ത് കേരള ബ്ലാസ്റ്റേഴ്സ് ബോക്സിൽ കുത്തി ഉയർന്നപ്പോൾ പന്തിനെ ചെറിയൊരു ടച്ചിലൂടെ ഡോറി ജെറിയിലേക്ക് മറിച്ചു നൽകി. ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കാഴ്ചക്കാരനാക്കി താരം പന്ത് വലയിൽ എത്തിച്ചു. ഗോൾ വഴങ്ങിയതിന് പിന്നാലെ സമനില ഗോളിനായി നിരന്തരം ഒഡീഷ ഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചുവിട്ടെങ്കിലും അമയ് റണവാടെയും മൊർത്താതോ ഫാളും ചേർന്ന് പ്രതിരോധിച്ചു.

അറുപതാം മിനിറ്റിൽ കേരളത്തിൻ്റെ സമനില ഗോളെത്തി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങിയ മുന്നേറ്റം വലതു വിങ്ങിലൂടെ ഓടിക്കയറിയ കോറോ സിംഗ് മനോഹരമായ ത്രൂ പാസിലൂടെ പെപ്രയിൽ എത്തിച്ചു, പന്ത് സ്വീകരിച്ച താരം ഗോൾകീപ്പർ അമരേന്ദറിനെയും മറികടന്ന് വലയിൽ എത്തിച്ചപ്പോൾ കൊച്ചി ആർത്തിരമ്പി.

സമനില ഗോളിന് തൊട്ടു പിന്നാലെ ബ്ലാസ്റ്റേഴ്സ് ജീസസിനെ കളത്തിൽ ഇറക്കി. പരിക്കു മൂലം കഴിഞ്ഞ മൂന്നു മത്സരങ്ങൾ നഷ്ടമായ താരം ഏറെ വൈകാതെ ഗോൾ നേടി കേരളത്തിന് ലീഡ് സമ്മാനിച്ചു. വലതു വിങ്ങിൽ നിന്നും ലോണ് നൽകിയ ക്രോസിന് തലവെച്ച് നോഹ നൽകിയ പാസ് മികച്ച ഫിനിഷിലൂടെ ജീസസ് ഗോളാക്കി. സീസണിൽ പത്തു ഗോളുകളുമായി ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം.

എൺപതാം മിനുട്ടിൽ ഒഡീഷ വീണ്ടും ഗോൾ നേടി. ഒഡീഷ മുന്നേറ്റതാരം ജെറിയെ ബോക്സിൽ വെളിയിൽനിന്ന് പ്രീതം കോട്ടാൽ ഫൗൾ ചെയ്തതിന് ഫ്രീകിക്ക് ലഭിക്കുന്നു. ഡിഗോ മൗറീഷ്യോ എടുത്ത ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ ക്ലിയർ ചെയ്ത വിപിനിന് പിഴച്ചു, വീണുകിട്ടി അവസരം മുതലെടുക്കാൻ സേവിയർ ഗാമ ശ്രമിച്ചെങ്കിലും താരത്തിൻ്റെ ഷോട്ട് ഗോൾകീപ്പർ തട്ടി അകറ്റി, ഒരിക്കൽ കൂടി പന്ത് ഒഡീഷയുടെ ഡോറിയുടെ കാലിൽ, കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മുഴുവൻ കാഴ്ചക്കാരാക്കി താരം ഒഡീഷയെ ഒപ്പത്തിച്ചു.

ഇതിനിടെ പകരക്കാരനായി വന്ന് അനാവശ്യമായി രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ഒഡീഷയുടെ വിദേശ പ്രതിരോധ താരം ഡെൽഗാഡോ പുറത്തുപോയതോടെ അവസാന മിനിറ്റുകളിൽ ഒഡീഷ പത്ത് പേരിലേക്ക് ചുരുങ്ങി. അവസരം മുതലെടുത്ത് നിരന്തരം മുന്നേറ്റങ്ങൾ സൃഷ്ടിച്ച ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി സമയത്തിന്റെ അവസാനം മിനിട്ടുകളിൽ നോഹയുടെ ഗോളിൽ നിർണായ മൂന്നു പോയിന്റ് ഉറപ്പിച്ചു.


Discover more from

Subscribe to get the latest posts sent to your email.