കൊമ്പൻസും കോഴിക്കോടും കട്ടക്ക് : ആവേശപ്പോരാട്ടം സമനിലയിൽ
ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ ആവേശപ്പോരിനൊടുവിൽ കാലിക്കറ്റ് എഫ്.സി യും തിരുവനന്തപുരം കൊമ്പൻസും സമനിലയിൽ പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കേരള സൂപ്പർ ലീഗ് പോരാട്ടമാണ് ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ കലാശിച്ചത്.
സ്വന്തം മണ്ണിൽ കോഴിക്കോടിനു വേണ്ടി ആർത്തു വിളിക്കാനെത്തിയ ജനക്കൂട്ടമായിരുന്നു മത്സരത്തിന് മാറ്റു കൂട്ടിയത്. എവേ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് കോഴിക്കോട് ഫാൻസിനെ തരിമ്പും വകവെക്കാതെ തിരുവനന്തപുരം കൊമ്പൻസ് അത്യുജ്ജ്വല പ്രകടനം കാഴ്ച വെച്ചതോടെ ആവേശം വാനോളമുയർന്നു.
മത്സരത്തിന്റെ ഇരുപത്തൊന്നാം മിനുട്ടിൽ തന്നെ കൊമ്പൻസ് ആദ്യ ഗോളടിച്ച് മുൻതൂക്കം നേടി. മികച്ചൊരു കൗണ്ടർ നീക്കത്തിനൊടുവിൽ മുഹമ്മദ് അസ്ഹർ ഉജ്ജ്വലമായ ഷോട്ടോടു കൂടി ഗോൾകീപ്പറെ നിസ്സഹായനാക്കി വല കുലുക്കി. ഗോൾ വീണതോടെ ഉണർന്നു കളിച്ച കോഴിക്കോട് പല തവണ കൊമ്പൻസിന്റെ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറിയെങ്കിലും ഗോൾ അകന്നു നിന്നു. പക്ഷേ, അധികം വൈകാതെ തന്നെ മുപ്പത്തിമൂന്നാം മിനുട്ടിൽ ഗനി നിഗമിന്റെ മികച്ചൊരു ക്രോസിൽ നിന്ന് ഹെഡ്ഡർ നേടി റിച്ചാർഡ് ഉസെയ് കൊമ്പൻസിന്റെ വല കുലുക്കി കോഴിക്കോടിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞതോടെ കളി വിരസമായി. വീണുകിട്ടിയ ഒറ്റപ്പെട്ട അവസരങ്ങളാകട്ടെ ഇരുകൂട്ടർക്കും ലക്ഷ്യത്തിലെത്തിക്കാനുമായില്ല. അങ്ങനെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ രണ്ട് പേരും പോയിന്റ് പങ്കുവെച്ചു.
എന്തായാലും വർദ്ധിച്ചു വരുന്ന കാണികളുടെ എണ്ണം സംഘാടകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞ സ്റ്റേഡിയം വരും നാളുകളിലെ വൻകുതിപ്പിലേക്കുള്ള സൂചനയാണെന്ന് തന്നെ കരുതാം.
Discover more from
Subscribe to get the latest posts sent to your email.