ലോകകപ്പ് കഥകൾ: ലെവ് യാഷിന്റെ നീരാളിപ്പിടുത്തം
പോയ നൂറ്റാണ്ടിൽ വല കാത്ത കൊമ്പന്മാർ ഏറെയുണ്ടെങ്കിലും അയാളുടെ തട്ട് താഴ്ന്നു തന്നെ കിടപ്പുണ്ട്. തന്റെ ട്രേഡ്മാർക്കായ കറുത്ത ജേഴ്സിയണിഞ്ഞ് വെള്ള നിറമുള്ള വലക്കണ്ണികൾക്ക് മുന്നിൽ നിറഞ്ഞു നിന്ന ‘കറുത്ത ചിലന്തി’. കറുത്ത നീരാളിയെന്നും കരിമ്പുലിയെന്നും അറിയപ്പെട്ട ഇതിഹാസ ഗോൾകീപ്പർ സോവിയറ്റ് യൂനിയന്റെ പ്രിയപ്പെട്ട ലെവ് യാഷിൻ ആണ് അയാൾ.
ലോകഫുട്ബോൾ ചരിത്രത്തിൽ ബാലൻ ഡി ഓർ നേടിയ ഒരേയൊരു ഗോൾകീപ്പറുടെ തുടക്കം ഒട്ടും സുഖകരമായിരുന്നില്ല. ഐസ് ഹോക്കിയിലും കാൽപന്ത് കളിയിലും കമ്പമുണ്ടായിരുന്ന 12 വയസ്സുകാരന് തന്റെ 18ാം വയസ്സിൽ എല്ലാ തരം സ്പോർട്ട്സും നിർത്തേണ്ടി വന്നിട്ടുണ്ട്. യുദ്ധ സേവനമെന്ന പേരിൽ നിർവഹിക്കേണ്ടി വന്ന നിർബന്ധിത ഫാക്ടറി ജോലി കാരണമാണ് ആ കൗമാരക്കാരന് കളി നിർത്തേണ്ടി വന്നത്.
എന്നാൽ സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം സൈന്യത്തിൽ ചേർന്ന യാഷിന് സൈനിക സേവനത്തോടൊപ്പം കളിയും തുടർന്നു കൊണ്ടു പോവാൻ സാധിച്ചു. 1950ൽ ‘ഡൈനാമോ മോസ്കോ’ ക്ലബിലേക്ക് ഇരുപത്തിയൊന്നുകാരനായ ലെവ് യാഷിനെ തെരഞ്ഞെടുക്കുമ്പോഴും കോച്ച് അർഗാഡി ചെർണിഷോവിന് അതൊരു സാധാരണ സൈനിങ്ങ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ മികച്ച ഫോമിൽ കളിക്കുന്ന ടീമിന്റെ ഗോൾകീപ്പർ അലക്സി കോമിച്ചിന്റെ പകരക്കാരനായി ബെഞ്ചിലിരിക്കാനായിരുന്നു യാഷിന്റെ വിധി.
അലക്സി കോമിച്ചിന്റെ പ്രതിഭക്കു മുന്നിൽ ചകിതനായ യാഷിൻ ഫുട്ബോൾ നിർത്തി ഐസ് ഹോക്കിയിലേക്ക് തിരികെ പോവുന്നതിനെ കുറിച്ച് പോലും ആലോചിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് 1953ൽ കോമിച്ചിന് പരിക്ക് പറ്റുന്നത്. കോമിച്ചിനേറ്റ പരിക്ക് താരോദയത്തിനായുള്ള പ്രകൃതിയുടെ വികൃതിയാണെന്ന് കരുതുന്നതാണ് ന്യായം. ഡൈനാമോ മോസ്കോയുടെ ഗോൾപോസ്റ്റിന് മുമ്പിൽ കറുത്ത ചിലന്തി വല നെയ്ത് തുടങ്ങുകയായിരുന്നു അവിടം മുതൽ.
യാഷിന്റെ വലക്ക് മുന്നിൽ ഫുട്ബോൾ രാജാക്കമ്മാർ വിയർത്തു നിൽക്കുന്ന കാഴ്ച്ചകൾക്കാണ് കളിമൈതാനങ്ങൾ പിന്നീട് സാക്ഷ്യം വഹിച്ചത്. കോമിച്ചിന് പകരം ഡൈനാമോയുടെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ച ലെവിയാഷെ ഒരു വർഷത്തിനകം തന്നെ സോവിയറ്റ് യൂനിയന്റെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത നാല് വർഷത്തിനുള്ളിൽ മൂന്ന് ക്ലബ് കിരീടങ്ങൾ കരസ്ഥമാക്കിയ യാഷിൻ 1956 ഒളിംബിക്സിൽ സോവിയറ്റ് യൂനിയനെ സുവർണ്ണ മെഡലിലേക്ക് നയിച്ചു കൊണ്ട് തന്റെ ഇതിഹാസ കരിയറിന് ആരംഭം കുറിച്ചു.
ഫുട്ബോൾ മാപിനിയിൽ യാഷിൻ അടയാളപ്പെടുത്തപ്പെട്ട ലോകകപ്പായിരുന്നു 1958ലേത്. ചിലന്തിവലയുടെ ചുറ്റളവും വിസ്തീർണ്ണവും അയാൾ പുതുക്കിപ്പണിതു. ഗോൾ ബോക്സിലൊതുങ്ങി നിൽക്കാതെ പെനാൽറ്റി ബോക്സിൽ നിറഞ്ഞ് കളിക്കുന്ന യാഷിനെയാണ് 1958 ലോകകപ്പിൽ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. കളിയുടെ ഗതി മനസ്സിലാക്കി സഹ കളിക്കാർക്ക് നിർദ്ദേശങ്ങളും ആജ്ഞകളും നൽകി പെനാൽറ്റി ബോക്സിലേക്കും അവശ്യഘട്ടങ്ങളിൽ പ്രതിരോധിക്കുന്നതിനും അസിസ്റ്റിനും വേണ്ടി ബോക്സിന് പുറത്തേക്കും അയാൾ ഇറങ്ങി കളിച്ചു.
ഫുട്മ്പോൾ ലോകത്ത് അപരിചിതവും സമാനതകളില്ലാത്തതുമായ പുതിയ രീതിക്ക് യാഷിൻ നാന്ദി കുറിക്കുകയായിരുന്നു അവിടെ. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന് വിധിയെഴുതുവാൻ കളിയെഴുത്തുകാർക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ആ ലോകകപ്പിൽ യാഷിന്റെ ഏറ്റവും മികച്ച പ്രകടനം ബ്രസീലിനെതിരെയുള്ള ഗ്രൂപ്പ് തല മത്സരമായിരുന്നു.
ബ്രസീലിന്റെ ഇതിഹാസ താരം ഗരിഞ്ചക്കൊപ്പം പതിനേഴ്കാരനായ സാക്ഷാൽ പെലെ കൂടെ കളിക്കുന്ന ബ്രസീലിനെതിരെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് അയാൾ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 2-0 മാർജിനിൽ ബ്രസീൽ ജയിക്കുമ്പോഴേക്കും കറുത്ത ചിലന്തിയുടെ പ്രകടനം രേഖപ്പെടുത്തപ്പെട്ടിരുന്നു. യാഷിൻ ആയിരുന്നു ആ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ.
1959ൽ മറ്റൊരു ലീഗ് കിരീടവും 1960ൽ യൂറോപ നാഷൻസ് കപ്പും നേടിയ യാഷിൻ, 1962 ലോകകപ്പിലെ ഫോമില്ലായ്മ കാരണം ഏറെ പഴി കേട്ടു. ആ വർഷം ക്വാർട്ടർ ഫെനലിൽ ചിലിയോട് 2-1 പരാജയപ്പെട്ടു മടങ്ങാനായിരുന്നു സോവിയറ്റ് യൂനിയന്റെ വിധി. എന്നാൽ 20ാം നൂറ്റാണ്ടിന്റെ ഗോൾകീപ്പറെന്ന് ലോകം വിലയിരുത്തിയ യാഷിന്റെ കരിയർ അവസാനിച്ചിട്ടില്ലായിരുന്നു.
തൊട്ടടുത്ത വർഷത്തിൽ കറുത്ത ചിലന്തിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു. ഡൈനാമോ മോസ്കോവിനൊപ്പം കിരീടം നേടിയ യാഷിൻ തേടി മറ്റൊരു ഗോൾകീപ്പർക്കും ലഭിച്ചിട്ടില്ലാത്ത ബഹുമതി എത്തി. ആ വർഷത്തെ ബാലൻഡി ഓർ യാഷിനായിരുന്നു. കാൽപന്തുകളിയുടെ ലോക ചരിത്രത്തിൽ അതിന് മുമ്പും ശേഷവും മറ്റൊരു ഗോൾകീപ്പർക്കും സാധ്യമാവാത്ത നേട്ടമാണ് 1963ൽ യാഷിൻ സ്വന്തമാക്കിയത്.
അവിടം കൊണ്ടും നിർത്താൻ അയാൾ ഒരുക്കമായിരുന്നില്ല. 1966 ലോകകപ്പിൽ സോവിയറ്റ് യൂനിയൻ നാലാം സ്ഥാനത്തിലാണ് കളി അവസാനിപ്പിച്ചത്. സോവിയറ്റ് യൂനിയന്റെ എക്കാലത്തേയും മികച്ച പ്രകടനമായിരുന്നു അത്. ലെവിയാഷെയുടെ അവസാനത്തെ ലോകകപ്പായിരുന്നു 1966 ലോകകപ്പ്. തന്റെ ഇരുപത് വർഷം നിണ്ട കരിയറിന് അന്ത്യം കുറിച്ചു കൊണ്ടയാൾ 1970 ൽ ഡൈനാമോ മോസ്കോയിൽ നിന്നും വിരമിച്ചു. കരിയറവസാനിപ്പിക്കുമ്പോൾ 400 മത്സരങ്ങളിൽ നിന്ന് 270 ക്ലീൻഷീറ്റും 151 പെനാൽറ്റി സേവുകളും യാഷിന്റെ പേരിലുണ്ടായിരുന്നു.
Discover more from
Subscribe to get the latest posts sent to your email.