ലോകകപ്പ് കഥകൾ: ഒരു ഫൈനൽ, രണ്ടു പന്ത്

0 208

ലോകകപ്പിലെ ഒഫീഷ്യൽ പന്തുകളുടെ പട്ടിക വേഗതയിൽ മറ്റേതിനെയും കടത്തിവെട്ടുന്ന അൽ-റിഹ്‌ല വരെ എത്തിനിൽക്കുന്നു. ലോകകപ്പിൽ ഉപയോഗിച്ച പന്തുകൾക്കു പിന്നിൽ കൗതുകകരവും വിചിത്രവുമായ ഒട്ടേറെ ചരിത്രങ്ങളുണ്ട്.

തങ്ങൾക്ക് കളിയിൽ മുൻ‌തൂക്കം ലഭിക്കാനും, തിരഞ്ഞെടുക്കപ്പെട്ട പന്തിൽ വിശ്വാസമില്ലാത്തതിനാലുമെല്ലാം, നടന്നു കൊണ്ടിരിക്കുന്ന കളിയിൽ വരെ പന്തുകൾ മാറ്റിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 1962ലെ ലോക മാമാങ്കത്തിന്റെ പ്രഥമ കളിയിൽ, ആതിഥേയരായ ചിലി ലഭ്യമാക്കിയ പന്തിൽ മതിപ്പില്ലാത്തതിനാൽ റഫറി കെൻ ആസ്റ്റൺ രണ്ടാം പകുതിക്കായി യൂറോപ്പിൽ നിന്നും പന്തെത്തിച്ച സംഭവവും അരങ്ങേറിയിട്ടുണ്ട്.

അൽ-രിഹ്‌ല

1970 മുതൽ ലോകകപ്പിലേക്കുള്ള പന്തുകൾ നിർമിക്കുന്ന അഡിഡാസ് പോലും ഒരേ ടൂർണമെന്റിൽ വിവിധ പന്തുകൾ ലഭ്യമാക്കിയിട്ടുണ്ട്. 1970ൽ അഡിഡാസ് മൂന്നു പന്തുകൾ പരീക്ഷിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിനു മാത്രമായി 2006ലെ ഔദ്യോഗിക പന്തായ “ടീംഗെയ്സ്റ്റി(Teamgeist)ന്” സ്വർണ നിറമുള്ള “ടീംഗെയ്സ്റ്റ് ബെർലി(Teamgeist Berlin)നും,” 2010ലെ “ജബുലാനി(Jabulani)ക്ക്” “ജബുലാനി ഗോൾഡും(Jabulani Gold),” 2014ലെ “ബ്രസൂക്ക(Brazuca)”യ്ക്ക് “ബ്രസൂക്ക ഫൈനൽ റിയോ(Brazuca Final Rio)”യുമുണ്ടായിരുന്നു. 2018ലാവട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ “ടെൽസ്റ്റാർ 18″(Telstar 18)ഉം നോക്കൗട്ട് ഘട്ടത്തിൽ “ടെൽസ്റ്റാർ മെച്റ്റ(Telstar Mechta)”യുമാണ് ഉപയോഗിച്ചത്.

ഒരു ഫൈനലിൽ രണ്ട് വ്യത്യസ്ത പന്തുകൾ ഉപയോഗിച്ച രസകരമായ സംഭവവുമുണ്ടായിട്ടുണ്ട്. 1930ൽ നടന്ന പ്രഥമ ലോകകപ്പിലാണ് സംഗതി അരങ്ങേറുന്നത്. ആദ്യകാലത്ത് ഒഫീഷ്യൽ മാച്ച് ബോൾ എന്ന സംവിധാനമില്ലായിരുന്നു. വലിപ്പത്തിന്റെയും കനത്തിന്റെയും കാര്യത്തിൽ കൃത്യമായ നിബന്ധനയുമുണ്ടായിരുന്നില്ല. മത്സരത്തിനായുള്ള പന്ത് ടീമുകൾ തിരഞ്ഞെടുക്കുന്ന പതിവാണുണ്ടായിരുന്നത്.

ലോകകപ്പ് ഒഫീഷ്യൽ പന്തുകൾ. 1970 മുതൽ അഡിഡാസ് ആണ് പന്തുകൾ നിർമിക്കുന്നത്.

ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായ ഉറുഗ്വേ-അർജന്റീന ടീമുകൾ തീവ്ര ശത്രുക്കളായിരുന്നു. 1928 ഒളിമ്പിക് ഫുട്ബോൾ ഫൈനലിലും ഇതേ ടീമുകളായിരുന്നു കൊമ്പുകോർത്തത് എന്നതിനാൽ മത്സരത്തിന്റെ വാശി വർധിച്ചു. അത് മത്സരത്തിലെ പന്തിന്റെ തിരഞ്ഞെടുപ്പിൽ വരെ എത്തി. രണ്ടു ടീമിനും തങ്ങളുടെ പന്തുകൊണ്ട് ഫൈനൽ കളിക്കണമെന്ന് നിർബന്ധമായി. ചർച്ചകൾക്കൊടുവിൽ ഇരുപകുതികളിൽ മാറിമാറി രണ്ടുബോളും ഉപയോഗിക്കാമെന്ന് തീരുമാനിച്ചു.

ഫൈനൽ ദിനം റഫറി ജോൺ ലേംഗനസ് (John Langenus) ഇരുകൈകളിലായി രണ്ടുടീമിന്റെയും പന്തുകളേന്തി മൈതാനത്തെത്തി. സ്കോട്ടിഷ് നിർമിത “ടീന്റോ(Tiento)” ആയിരുന്നു അർജന്റീനയുടെ ബോൾ. ടീന്റോയെക്കാൾ വലിപ്പവും കനവും കൂടുതലുള്ള ഇംഗ്ലീഷ് നിർമിത “ടി-മോഡൽ(T-model)” ആയിരുന്നു ഉറുഗ്വേയുടേത്. ടോസ് ലഭിക്കുന്നത് ആർക്കാണോ അവരുടെ പന്താണ് ആദ്യപകുതിയിൽ ഉപയോഗിക്കുക. ടോസ് അർജന്റീന നേടി.

1930 ലോകകപ്പിൽ ഉപയോഗിച്ച രണ്ടു പന്തുകൾ

ആദ്യ പകുതിയിൽ ടീന്റോയുമായി കളിക്കുകയും അർജന്റീന 2-1ന് മുന്നിലെത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ ടി-മോഡൽ കളത്തിലിറങ്ങി. മൂന്നുഗോളുകൾ മടക്കി ഉറുഗ്വേ കളി തിരിച്ചുപിടിച്ചുകൊണ്ട് ആദ്യലോകകിരീടത്തിൽ പേരുചേർത്തു. ഇരുടീമുകളും തങ്ങളുടെ പന്തുകൊണ്ട് കളിക്കാൻ വാശിപിടിച്ചത് ഗുണമായെങ്കിലും ഉറുഗ്വേയ്ക്കാണ് തങ്ങളുടേതുകൊണ്ട് കൂടുതൽ മുൻ‌തൂക്കം നേടാനായത്.

Comments
Loading...
%d bloggers like this: