Footy Times

വീണ്ടുമൊരു സമനില : കണ്ണൂരും കൊച്ചിയും ബലാബലം.

0

സൂപ്പർ ലീഗ് കേരളയിൽ മറ്റൊരു സമനില. കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചി എഫ്.സി യുമാണ് ഓരോ ഗോളുകളടിച്ച് തുല്യത പാലിച്ച് മത്സരമവസാനിപ്പിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ആക്രമണോത്സുകത നിറഞ്ഞു നിന്ന മത്സരം കാണികൾക്ക് ദൃശ്യവിരുന്നേകി.

പതിനേഴാം മിനിറ്റിൽ തന്നെ അത്യുജ്ജ്വലമായ ഒരു ഗോളിലൂടെ ഡേവിഡ് ഗ്രാൻഡെ കണ്ണൂരിനെ മുമ്പിലെത്തിച്ചു. ഗോൾകീപ്പറുടെ ഹൈ ബോൾ ഉയർന്നു ചാടി തടുത്ത് വായുവിൽ വെച്ച് തന്നെ പോസ്റ്റിലേക്ക് തിരിച്ചു വിട്ട ഗ്രാൻഡെയെ കണ്ണുമിഴിച്ച് നോക്കാൻ മാത്രമേ കൊച്ചി പ്രതിരോധത്തിനായുള്ളൂ. വളരെ ചെറിയ സാധ്യതകൾ പോലും ഗോളാക്കി മാറ്റാനുള്ള തന്റെ പാടവം സ്പാനിഷ് താരം വീണ്ടും തെളിയിച്ചപ്പോൾ ആദ്യ പകുതി മുൻതൂക്കത്തോടെ അവസാനിപ്പിക്കാൻ കണ്ണൂരിനായി.

സമനില ഗോളിനായി കൊച്ചി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കണ്ണൂർ പ്രതിരോധം ഉടയാതെ പിടിച്ചു നിന്നു. ഒടുവിൽ എഴുപത്താറാം മിനുട്ടിൽ പ്രതിരോധനിരയുടെ കത്രികപ്പൂട്ട് പൊട്ടിച്ചു ഉയർന്നു ചാടി നേടിയ ഹെഡ്ഡർ ഗോളിലൂടെ ബസന്ത കൊച്ചിയെ ഒപ്പമെത്തിക്കുകയും ഒപ്പം വിലപ്പെട്ട ഒരു പോയിന്റ് നേടിക്കൊടുക്കുകയും ചെയ്തു.

നാളെ ടൂർണമെന്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ മലപ്പുറവും കോഴിക്കോടും കൊമ്പു കോർക്കും. പയ്യനാട് മൈതാനത്തിൽ നടക്കുന്ന മത്സരം കാണികളാൽ നിറഞ്ഞു കവിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


Discover more from

Subscribe to get the latest posts sent to your email.