കാലിക്കറ്റ് എഫ്.സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻമാർ
മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പ്രഥമ പതിപ്പിൽ കിരീടം കാലിക്കറ്റ് എഫ്.സിയുടേത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫോഴ്‌സ കൊച്ചി എഫ്.സിയെ 2-1 ന് തകർത്താണ് കാലിക്കറ്റ് കിരീടം ചൂടിയത്. കാലിക്കറ്റിനായി തോയി സിംഗ് (16-ാം മിനിറ്റ്), കെർവൻസ് ബെൽഫോർട്ട് (71-ാം മിനിറ്റ്) എന്നിവർ ഗോൾ നേടിയപ്പോൾ കൊച്ചിയുടെ ആശ്വാസ ഗോൾ ഇഞ്ചുറി ടൈമിൽ ഡോറിയൽട്ടൻ ഗോമസ് നേടി.
ആവേശകരമായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊച്ചി താരം ഡോറിയൽട്ടനെ ഫൗൾ ചെയ്തതിന് കാലിക്കറ്റിന്റെ ഒലൻ സിംഗിന് മഞ്ഞക്കാർഡ് ലഭിച്ചു (14-ാം മിനിറ്റ്). തൊട്ടടുത്ത നിമിഷം കാലിക്കറ്റ് മുന്നിലെത്തി. ഗനി നിഗമിൽ നിന്നാരംഭിച്ച മുന്നേറ്റത്തിൽ കെന്നഡി ബോക്സിലേക്ക് നൽകിയ പാസ് തോയി സിംഗ് വലയിലെത്തിച്ചു.
33-ാം മിനിറ്റിൽ പരിക്കേറ്റ കാലിക്കറ്റ് ക്യാപ്റ്റൻ ഗനി നിഗമിന് പകരം ജിജോ ജോസഫ് കളത്തിലിറങ്ങി. പിന്നാലെ ബെൽഫോർട്ടിന്റെ ശക്തമായ ഷോട്ട് കൊച്ചി ഗോളി ഹജ്മൽ വിഷമത്തോടെ തടുത്തു. ആദ്യ പകുതിയിൽ കൊച്ചിയുടെ ഡോറിയൽട്ടൻ, കമൽപ്രീത് എന്നിവർക്കും കാലിക്കറ്റിന്റെ മുഹമ്മദ് റിയാസിനും മഞ്ഞക്കാർഡ് ലഭിച്ചു.
രണ്ടാം പകുതിയിൽ നിജോ ഗിൽബർട്ടിന്റെ മികച്ച മുന്നേറ്റം വിശാൽ തടഞ്ഞു. 60-ാം മിനിറ്റിൽ തോയി സിംഗിന് ലീഡ് ഇരട്ടിയാക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു. 70-ാം മിനിറ്റിൽ സമനില ഗോളിനായുള്ള സാൽ അനസിന്റെ ശ്രമം ക്രോസ്ബാറിൽ തട്ടി മടങ്ങി.
എന്നാൽ 71-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി. പകരക്കാരൻ എണസ്റ്റ് ബെർഫോ ഹെഡ് ചെയ്തു നൽകിയ പന്ത് കെർവൻസ് ബെൽഫോർട്ട് വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ നിന്ന് ഡോറിയൽട്ടൻ ഗോമസ് കൊച്ചിയുടെ ആശ്വാസ ഗോൾ നേടി. ലീഗിലെ എട്ടാം ഗോളായിരുന്നു അത്. അവസാന നിമിഷങ്ങളിൽ അർജുൻ ജയരാജിന്റെ നേതൃത്വത്തിൽ കൊച്ചി സമനിലയ്ക്കായി ശ്രമിച്ചെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധം വിജയകരമായി പിടിച്ചുനിന്നു. 36,000ത്തോളം കാണികളാണ് ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്.
Discover more from
Subscribe to get the latest posts sent to your email.