Footy Times

കരബാവോ കപ്പ് ന്യൂകാസ്റ്റിലിന്

0

കിരീട ഫേവറിറ്റുകളായ ലിവർപൂളിനെ മലർത്തിയടിച്ച് കരബാവോ കപ്പ് ജേതാക്കളായി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസ്റ്റിലിൻ്റെ ജയം. ജേതാക്കൾക്കായി ഡാൻ ബാൺ, അലക്സാണ്ടർ ഇസാക്ക് എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ ലിവർപൂളിന്റെ ആശ്വാസ ഗോൾ ഫെഡറികോ കിയേസയുടെ വകയായിരുന്നു. നീണ്ട 56 വർഷത്തിനു ശേഷമാണ് ന്യൂകാസ്റ്റിൽ ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്.

ഗോൾകീപ്പർ അലിസൺ, അലക്സാണ്ടർ അർനോൾഡ് എന്നിവർക്ക് ലിവർപൂൾ വിശ്രമം അനുവദിച്ചപ്പോൾ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ന്യൂകാസ്റ്റിൽ കളത്തിൽ ഇറങ്ങിയത്. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇരുകൂട്ടർക്കും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചു എങ്കിലും മുതലെടുക്കുവാനായില്ല. ഇടവേള വിസിലിനു തൊട്ടുമുമ്പ് ന്യൂകാസ്റ്റിൽ ബാണിലൂടെ ലീഡ് നേടി. ട്രിപ്പിയർ എടുത്ത കോർണറിനെ ഹെഡറിലൂടെ താരം വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ന്യൂകാസ്റ്റിൽ ലീഡ് ഇരട്ടിപ്പിച്ചു. തൊട്ടുമുമ്പ് ഓഫ്സൈഡ് മൂലം നഷ്ടപ്പെട്ട അവസരത്തിന് പകരമെന്നോണം ഇസാക്ക് എടുത്ത ഷോട്ട് കെല്ലഹറിന് അവസരം നൽകാതെ വലയിലെത്തി. കളിയുടെ അവസാനം മിനിട്ടുകളിൽ ഉണർന്നു കളിച്ച ലിവർപൂൾ കിയേസയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും കിരീടത്തിൽ മുത്തമിടാനായില്ല. പ്രീമിയർ ലീഗിൽ മികച്ച ഫോം തുടരുന്ന ലിവർപൂളിന് ചാമ്പ്യൻസ് ലീഗിന് പിന്നാലെ കരബാവോ കപ്പ് കൂടി നഷ്ടമായത് സ്ലോട്ടിനും സംഘത്തിനും വലിയ തിരിച്ചടിയാണ്.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply