Footy Times

സൂപ്പർ ലീഗ് കേരള: കൊമ്പന്മാരെ മലർത്തിയടിച്ച് കാലിക്കറ്റ് ഫൈനലിൽ

0

സൂപ്പർ ലീഗ് കേരളയുടെ ആദ്യ ഫൈനലിസ്റ്റായി കാലിക്കറ്റ് എഫ് സി. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനൽ ബർത്ത് സ്വന്തമാക്കിയത്.

തുടക്കത്തിൽ പിന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി 2-1ന് കാലിക്കറ്റ് വിജയം കൈപ്പിടിയിലൊതുക്കി.

Superleague Kerala semifinal

കളിയുടെ നാൽപ്പതാം മിനിറ്റിൽ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ഓട്ടോമർ ലക്ഷ്യത്തിലെത്തിച്ചതോടെയാണ് കളിയുടെ ഗതിക്ക് വിപരീതമായി തിരുവനന്തപുരം കൊമ്പൻസ് ലീഡ് നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോൾ കൊമ്പൻസ് ലീഡ് നിലനിർത്തി.

എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ചിത്രം മാറി. കാലിക്കറ്റ് കോച്ചിന്റെ തന്ത്രപരമായ സബ്സ്റ്റിറ്റ്യൂഷൻ വഴിത്തിരിവായി.

അറുപതാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കെന്നഡി ബ്രിട്ടോയുടെ മികച്ച പാസ് വലയിലെത്തിച്ച് കളി സമനിലയിലാക്കി.

Superleague Kerala semifinal

കാലിക്കറ്റിന്റെ മുന്നേറ്റം തുടർന്നു. എഴുപത്തിമൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ ഗനി നിഗം അഹമ്മദ് സുന്ദരമായ ഗോളിലൂടെ കാലിക്കറ്റിനെ മുന്നിലെത്തിച്ചു.

കെന്നഡിയുടെ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടി തിരിച്ചു വന്നപ്പോൾ റീബൗണ്ട് ഗനി വലയിലെത്തിക്കുകയായിരുന്നു. ഗനിയുടെ ഈ സീസണിലെ നാലാമത്തെ ഗോളായിരുന്നു ഇത്. മൂന്ന് അസിസ്റ്റും ഗനിയുടെ പേരിലുണ്ട്.

നാളെ കോഴിക്കോട് വെച്ച് തന്നെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ കണ്ണൂർ വാരിയേഴ്സും ഫോഴ്സ് കൊച്ചിയും ഏറ്റുമുട്ടും. ആ വിജയികളായിരിക്കും ഫൈനലിൽ കാലിക്കറ്റ് എഫ് സിയുടെ എതിരാളികൾ.


Discover more from

Subscribe to get the latest posts sent to your email.