Footy Times

മുഹമ്മദൻസ് സ്പോർട്ടിംഗിനെതിരെ ജയം നേടി ബ്ലാറ്റേഴ്‌സ്

0

ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ മുഹമ്മദൻസ് സ്പോർട്ടിംഗിനെതിരെ ജയം നേടി കേരള ബ്ലാറ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ബ്ലാസ്റ്റേഴ്സിനായി പെപ്രാ, ജീസസ് എന്നിവർ ഗോൾ കണ്ടെത്തി.

തുടർച്ചയായ മൂന്നാം എവേ മത്സരത്തിനാണ് കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഒഡിഷയുമായി കളിച്ച ഇലവനിൽ നാലു മാറ്റങ്ങൾ കോച്ച് സ്റ്റാറെ വരുത്തിയിരുന്നു. ക്യാപ്റ്റൻ അഡ്രിയൻ ലൂണ പതിക്കു മാറി ടീമിൽ തിരിച്ചെത്തിയത് കാണികൾക്ക് ഏറെ ആവേശം നൽകി. മോശം ഫോമിലുള്ള ഗോൾകീപ്പർ സച്ചിൻ സുരേഷിനു പകരം യുവതാരം സോം കുമാറിനായിരുന്നു ഗോൾവല കാക്കാൻ ചുമതല.

ആദ്യ മിനിട്ടു മുതലേ ഇരുവിങ്ങുകളിലൂടെയും കളിമെനഞ്ഞ ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗിലെ പോരായ്മകൾ കൊണ്ട് ഗോൾ നേടാൻ കഴിഞ്ഞില്ല. ഇരുപത്തിയെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത മുഹമ്മദൻസ് മത്സരത്തിൽ ലീഡ് നേടി. മധ്യനിരയിൽ നിന്നും ബോക്സിലേക്ക് നീട്ടി നൽകിയ ത്രൂ ബോളിലേക്ക് ഓടിയെത്തിയ ഫ്രാങ്ക ഗോൾകീപ്പർ സോം കുമാറിന്റെ ദേഹത്ത് തട്ടി വീഴുന്നു. റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത കാസിമോവിന് പിഴച്ചില്ല. ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി താരം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. സമനില ഗോളിനായി നോഹയും ജീസസും ലൂണയുമെല്ലാം കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിർഭാഗ്യം ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയായി.

രണ്ടാം പകുതിയിൽ കോച്ച് സ്റ്റാറെ നടത്തിയ സബ്സിറ്റ്യൂഷനുകളാണ് മത്സരഫലം മാറ്റി മറിച്ചത്. രാഹുൽ കെ പിക്ക് പകരം ക്വാമി പെപ്രയും കൊയെഫിന് പകരം ഹോർമിപ്പാമും വന്നതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് മൂർച്ച കൂടി. മൂന്നു മിനിറ്റുകൾക്കപ്പുറം വലതു വിങ്ങിൽ ലൂണയിലൂടെ തുടങ്ങിയ മുന്നേറ്റം നോഹ ഒരുക്കി നൽകിയ പന്തിലേക്ക് ഓടിയടുത്ത പെപ്ര ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. 75 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ് ഗോൾ എത്തി. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ പെപ്ര മൂന്നു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പന്ത് നവോച്ച സിംഗിന് കൈമാറുന്നു. നവൊച്ച നൽകിയ ക്രോസിനെ സുന്ദരമായ ഒരു ഹെഡറിലൂടെ ജീസസ് വലയിൽ എത്തിച്ചു.

റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് മുഹമ്മദൻസ് കാണികൾ ഗാലറിയിൽ പലപ്പോഴായി രോഷാകുലരായി. ഗാലറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും എറിഞ്ഞു തുടങ്ങിയതോടെ മത്സരം അൽപനേരം തടസ്സപ്പെട്ടു.


Discover more from

Subscribe to get the latest posts sent to your email.