ബൈ ബൈ മുംബൈ… ബ്ലാസ്റ്റേഴ്സ് സെമിയിൽ…
ഐ എസ് എല്ലിൽ 2016ന് ശേഷം ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ. ഇന്ന് കേരളത്തിന് വെല്ലുവിളി ആയിരുന്ന മുംബൈ സിറ്റി ഹൈദരബാദിന് മുന്നിൽ വീണതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. കൊറോണ കാരണം ടീമിലെ പ്രധാന താരങ്ങൾ ഇല്ലാതെയും ഉള്ള താരങ്ങൾ മാച്ച് ഫിറ്റ് എല്ലാതെയും ആണ് ഹൈദരാബാദ് കളിച്ചത്. എന്നിട്ടും അവർ മുംബൈ സിറ്റിയെ തോൽപ്പിച്ചു.
ആദ്യ പകുതിയിൽ തന്നെ ഹൈദരാബാദ് 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 14ആം മിനുട്ടിൽ യുവ ഫോർവേഡ് രോഹിത് ദാനു ഹൈദരബാദിന് ലീഡ് നൽകി. 41ആം മിനുട്ടിൽ ചിയനീസി കൂടെ ഗോൾ നേടിയതോടെ ഹൈദരബാദ് ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ മൗർട്ടഡ ഫാളിന്റെ ഹെഡർ മുംബൈ സിറ്റിക്ക് പ്രതീക്ഷ നൽകി. പക്ഷെ അത് ആശ്വാസ ഗോളായി മാത്രം മാറി.
മുംബൈ സിറ്റി 20 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി സീസൺ അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ചു. നാളെ ജയിച്ചാലും തോറ്റാലും കേരള ബ്ലാസ്റ്റേഴ്സ് നാലാമത് തന്നെ ഫിനിഷ് ചെയ്യും. ഇതുകൊണ്ട് തന്നെ നാളെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനും കേർള ബ്ലാസ്റ്റേഴ്സിനാകും. നാളെ ഗോവയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ മൂന്നാം സെമി ഫൈനൽ യോഗ്യത ആകും ഇത്. ഉദ്ഘാടന സീസണിലും 2016ൽ കോപ്പലിന്റെ കീഴിലും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇതിനു മുമ്പ് ഐ എസ് എല്ലിൽ സെമിയിൽ എത്തിയത്. ആ രണ്ടു തവണയും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയിരുന്നു.
Discover more from
Subscribe to get the latest posts sent to your email.