Footy Times
The Beautiful Game, Beautifully Told

അൽ സാദിന് ഖത്തർ സ്റ്റാർസ് ലീഗ് കിരീടം

0

ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) ഫുട്ബോളിൽ അൽ സാദ് ക്ലബ്ബിന് കിരീടം. 2024-25 സീസണിലെ അവസാന റൗണ്ടിൽ അൽ അഹ്‌ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് അൽ സാദ് തങ്ങളുടെ പതിനെട്ടാമത്തെയും തുടർച്ചയായ രണ്ടാമത്തെയും ലീഗ് കിരീടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച (ഏപ്രിൽ 18) ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയത്തോടെ, തൊട്ടടുത്ത എതിരാളികളായ അൽ ദുഹൈലിനെ രണ്ട് പോയിന്റിന് (52 – 50) മറികടന്നാണ് അൽ സാദ് ചാമ്പ്യന്മാരായത്. അൽ ദുഹൈലും തങ്ങളുടെ അവസാന മത്സരത്തിൽ വിജയിച്ചിരുന്നു.

കിരീടം ഉറപ്പിക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ അൽ സാദ് ആധികാരിക പ്രകടനമാണ് കാഴ്ചവെച്ചത്. 13-ാം മിനിറ്റിൽ നായകൻ അക്രം അഫീഫിനെ തലാൽ അബ്ദുല്ല ബഹ്‌സാദ് ഫൗൾ ചെയ്തതിന് വാർ (VAR) പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി അഫീഫ് തന്നെ ലക്ഷ്യത്തിലെത്തിച്ചു. ലീഗിലെ അഫീഫിന്റെ 18-ാം ഗോളായിരുന്നു ഇത്.

അബ്ദുറഹ്മാൻ മുഹമ്മദിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതിലൂടെ അൽ അഹ്‌ലി ഒരുവേള സമനിലയ്ക്ക് അരികെയെത്തിയെങ്കിലും, ഇടവേളയ്ക്ക് മുൻപ് തന്നെ അൽ സാദ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു. 44-ാം മിനിറ്റിൽ ക്ലോഡീഞ്ഞോയുടെ ലോംഗ് ഷോട്ട് അൽ അഹ്‌ലി ഗോൾകീപ്പർ മർവാൻ ഷെരീഫ് വിട്ടുകളഞ്ഞപ്പോൾ അവസരം മുതലെടുത്ത് മുസ്തഫ താരീഖ് സ്കോർ 2-0 ആക്കി. ആദ്യ പകുതിയുടെ അധികസമയത്ത് അഫീഫിന്റെ ക്രോസ് പൗലോ ഒട്ടാവിയോയുടെ കാലിൽ തട്ടി ഗതിമാറി വലയിൽ കയറിയതോടെ സ്കോർ 3-0 ആയി.

രണ്ടാം പകുതിയിലും അൽ സാദ് ആധിപത്യം തുടർന്നു. 67-ാം മിനിറ്റിൽ അഫീഫിന്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് റാഫ മുജിക്ക നാലാം ഗോൾ നേടി. 81-ാം മിനിറ്റിൽ ഒട്ടാവിയോ ഹെഡ് ചെയ്ത് നൽകിയ പന്ത് വോളിയിലൂടെ വലയിലെത്തിച്ച് ക്ലോഡീഞ്ഞോ ഗോൾ പട്ടിക പൂർത്തിയാക്കി. ഇതോടെ റാഫ മുജിക്കയും 18 ഗോളുകളുമായി അക്രം അഫീഫിനൊപ്പം ഈ ലീഗ് സീസണിൽ അൽ സാദിന്റെ സംയുക്ത ടോപ് സ്കോററായി.

അൽ ദുഹൈൽ രണ്ടാം സ്ഥാനത്ത്

അൽ ദുഹൈലിന്റെ കിരീട സാധ്യതകൾ അൽ സാദിന്റെ മത്സരഫലത്തെ ആശ്രയിച്ചിരുന്നു. നേരത്തെ തരംതാഴ്ത്തപ്പെട്ട അൽ ഖോറിനെതിരെ നടന്ന മത്സരത്തിൽ കെനിയൻ സ്‌ട്രൈക്കർ മൈക്കിൾ ഒലുങ്ക 68-ാം മിനിറ്റിൽ നേടിയ ഏക ഗോളിൽ അവർ വിജയം സ്വന്തമാക്കിയെങ്കിലും കിരീടത്തിന് അത് മതിയാകുമായിരുന്നില്ല. 50 പോയിന്റുമായി അൽ ദുഹൈൽ രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു.

പ്രതികരണങ്ങളും അന്തിമ നിലയും

“ഇതൊരു നീണ്ട സീസണായിരുന്നു. ഞങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു… പക്ഷെ പിന്നീട് ഞങ്ങൾ ഉയർന്ന നിലവാരത്തിൽ കളിച്ചു. ലീഗ് കിരീടം നേടാൻ കഴിയുമെന്ന് ഞങ്ങൾക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നു… ഈ സീസണിൽ കിരീടം നേടാൻ ഞങ്ങൾ അർഹരാണ്,” അൽ സാദ് പരിശീലകൻ ഫെലിക്സ് സാഞ്ചസ് പറഞ്ഞു. സൂപ്പർ താരം അക്രം അഫീഫ് കൂട്ടിച്ചേർത്തു: “ഒരു സീസൺ മുഴുവൻ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ലീഗ് കിരീടം… ഈ സീസൺ വ്യത്യസ്തമാണ്, ഇതിനൊരു പ്രത്യേക അനുഭൂതിയുണ്ട്.”

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അൽ സാദിന്റെ നാലാമത്തെ ക്യുഎസ്എൽ കിരീടമാണിത്. അവസാന റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ, അൽ ഷഹാനിയയോട് (2-1) തോറ്റെങ്കിലും അൽ ഗരാഫ 41 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. അൽ അഹ്‌ലി 35 പോയിന്റുമായി നാലാമതെത്തി. ഖത്തർ എസ്‌സിയെ റോജർ ഗ്വെഡസിന്റെ ഇരട്ട ഗോളിൽ (2-0) തോൽപ്പിച്ച് അൽ റയ്യാൻ (33 പോയിന്റ്) അഞ്ചാം സ്ഥാനം ഉറപ്പിച്ചു. അൽ വക്രയെ 1-0 ന് തോൽപ്പിച്ച് അൽ ഷമാൽ (32 പോയിന്റ്) ആറാമതായി. അൽ അറബിയെ 2-0 ന് തോൽപ്പിച്ച ഉം സലാൽ (21 പോയിന്റ്) പതിനൊന്നാം സ്ഥാനക്കാരായി തരംതാഴ്ത്തൽ പ്ലേ-ഓഫിൽ അൽ മർഖിയയെ നേരിടും.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply