ബാർസക്ക് മിന്നും ജയം: ലാ ലീഗ ടൈറ്റിൽ പോര് മുറുകുന്നു
ലാ ലീഗയിൽ സേവിയ്യയ്യെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാർസ. ഇതോടെ ലാ ലീഗ കിരീടപോരാട്ടം വീണ്ടും ആവേശത്തിലായി.
7ാം മിനുട്ടിൽ ലെവൻഡോസ്ക്കിയിലൂടെ ബാർസ അക്കൗണ്ട് തുറന്നു. ബോക്സിലേക്ക് ഉയർന്നുവന്ന ക്രോസിനെ തലകൊണ്ട് ലെവൻഡോസ്ക്കിയിലേക്ക് ഇനിയാഗോ മറിച്ച് നൽകിയപ്പോൾ പന്തിനെ വലയിലേക്ക് തട്ടിടേണ്ട ഉത്തരവാദിത്തമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നാലെ സെവിയ്യ സമനില നേടി. വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് പിടിച്ചെടുത്ത സൗൾ നൽകിയ പാസിനെ റൂബൻ വർഗാസ് ഗോൾ നില തുല്യമാക്കി.
22 മിനിറ്റിൽ സെവിയ്യയുടെ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടയിൽ പരിക്കേറ്റ് ബാർസ പ്രതിരോധ താരം അരാഹോ പുറത്തു പോകേണ്ടി വന്നു. രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റ് തികയും മുമ്പ് ഫെർമിൻ ലോപ്പസിലൂടെ ബാർസ വീണ്ടും ലീഡ് എടുത്തു. ബോക്സിനു തൊട്ടു വെളിയിൽ നിന്നും പെഡ്രി ഉയർത്തി നൽകിയ പാസ് തലകൊണ്ട് താരം വലയിലാക്കി. പിന്നാലെ റാഫീന്യ (55) എറിക് ഗാർഷ്യ (89) എന്നിവർ കൂടി ഗോൾ നേടിയതോടെ ബാർസ വിജയം കൈപ്പിടിയിൽ ഒതുക്കി. 62ാം മിനുട്ടിൽ ചുവപ്പുകാർഡ് കണ്ട് ഫെർമിൻ പുറത്തായെങ്കിലും ആനുകൂല്യം മുതലെടുക്കാൻ സേവിയ്യക്ക് ആയില്ല.
23 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 50 പോയിന്റുമായി റയൽ ഒന്നാമതും 49 പോയിൻ്റോടെ അത്ലറ്റിക്കോ രണ്ടാമതും ഒരു പോയിൻ്റ് പിന്നിൽ ബാർസ മൂന്നാമതുമാണ്.