പഞ്ചാബ് – നോർത്തീസ്റ്റ് മത്സരം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് – നോർത്തീസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. ഗുഹവാത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.
തുടക്കം മുതലേ എതിർ ബോക്സിലേക്ക് ബോളുകൾ പായിക്കുന്നത്തിൽ നോർത്തീസ്‌റ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും 24 മിനിട്ട് കാത്തിരിക്കേണ്ടിവന്നു ഗോൾ പിറക്കാൻ. ബോക്സിനു വെളിയിൽനിന്ന് നോർത്ത് ഈസ്റ്റ് താരം നിക്സൺ എടുത്ത ലോങ്ങ് ഷോട്ട് കൃത്യമായി തട്ടി അകറ്റാൻ പഞ്ചാബ് ഗോൾകീപ്പർ മുഹീത്തിനായില്ല, തട്ടിത്തെറിച്ചു വന്ന പന്തിനെ അല്ലാദിൻ അജറായി വലയിലെത്തിച്ചു. സീസണിൽ താരം നേടുന്ന പതിനഞ്ചാം ഗോൾ ആണിത്.
രണ്ടാം പകുതിയിൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ പഞ്ചാബിന്റെ നിരന്തര ശ്രമങ്ങൾ നോർത്തീസ്റ്റ് ഗോൾമുഖത്ത് നടന്നു. ഒടുവിൽ ലുങ്ഡിം നേടിയ ഗോളിൽ പഞ്ചാബ് ഒരു പോയിൻ്റ് സ്വന്തമാക്കി. തുടർച്ചയായ നാല് മത്സരങ്ങൾ പരാജയപ്പെട്ടു വരുന്ന പഞ്ചാബിന് ഈ സമനില ആശ്വാസം പകരും.