മുഹമ്മദ് സലാ ലിവർപൂളിൽ തുടരും; 2027 വരെ പുതിയ കരാർ ഒപ്പുവച്ചു
ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാ ലിവർപൂളിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബുമായി 2027 ജൂൺ വരെ കാലാവധിയുള്ള പുതിയ കരാറിൽ അദ്ദേഹം ഒപ്പുവെച്ച കാര്യം ലിവർപൂൾ എഫ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി.
സൗദി അറേബ്യൻ ക്ലബ്ബുകളിൽ നിന്നുള്ള വമ്പൻ ഓഫറുകൾ വേണ്ടെന്ന് വെച്ചാണ് സലാ ആൻഫീൽഡിൽ തുടരാൻ തീരുമാനിച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ സീസണിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. നിലവിൽ 27 ഗോളുകളോടെ പ്രീമിയർ ലീഗിലെ ഗോൾവേട്ടയിൽ മുന്നിലുള്ള സലാ, എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ആകെ 32 ഗോളുകളും 22 അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.
പുതിയ പരിശീലകനായ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബ്ബിനൊപ്പം മുന്നോട്ട് പോകുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും, മികച്ച ടീമിനൊപ്പം ഇനിയും കിരീടങ്ങൾ നേടാൻ കഴിയുമെന്നും സലാ പ്രത്യാശ പ്രകടിപ്പിച്ചു. ലിവർപൂളിൽ കളിച്ച കാലഘട്ടം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017-ൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയിൽ നിന്നാണ് സലാ ചെമ്പടയുടെ ഭാഗമായത്. ലിവർപൂളിനായി ഇതുവരെ കളിച്ച 394 മത്സരങ്ങളിൽ നിന്ന് 243 ഗോളുകൾ നേടിയിട്ടുള്ള സലാ, ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങി ഏഴോളം പ്രധാന കിരീടങ്ങൾ ലിവർപൂളിനൊപ്പം നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
Discover more from
Subscribe to get the latest posts sent to your email.