മൈതാനത്തെ മൈക്കൽ കോളിൻസ്
ചരിത്രപ്രസിദ്ധമായ ചുവടുവയ്പ്പുകളോടെ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ കാലു കുത്തുമ്പോൾ ആകാശ നിശബ്ദതയിൽ അതിനു സമാനമായ നിസ്സംഗതയോടെ അപ്പോളോ-11 പേടകം നിയന്ത്രിക്കുകയായിരുന്നു അവരുടെ സഹയാത്രികനായിരുന്ന മൈക്കൽ കോളിൻസ്. ഭൂമിയിലോ ചന്ദ്രനിലോ ഒരു മനുഷ്യനും അനുഭവിക്കാത്ത ഏകാന്തതയായിരുന്നു തനിക്കപ്പോൾ എന്നാണ് ആ നിമിഷത്തെക്കുറിച്ച് കോളിൻസ് പറഞ്ഞത്.
പക്ഷേ കോളിൻസിന്റെ ആ ശാന്തമായ വികാരവിക്ഷോഭം മൈതാനത്ത് അനുഭവിച്ച ഒരു ഫുട്ബോൾ താരമുണ്ട്- സെർജിയോ ബുസ്കെറ്റ്സ്. എഫ്സി ബാർസിലോനയുടെ മധ്യനിരയിൽ നിന്ന് ചാവി ഹെർണാണ്ടസും ആന്ദ്രെ ഇനിയേസ്റ്റയും ഐതിഹാസികതയിലേക്കു സഞ്ചരിച്ചപ്പോൾ മൈതാനമധ്യത്ത് നിലയുറപ്പിച്ച് ആ പേടകം കാത്തത് ബുസ്കെറ്റ്സാണ്. ആംസ്ട്രോങ്ങിനോടും ആൽഡ്രിനോടും ഓൾ ദ് ബെസ്റ്റ് പറഞ്ഞ് ഭൂമിക്കും ചന്ദ്രനുമിടയിലെ സിഗനലുകളെ മുറിയാതെ കാത്ത കോളിൻസിനെപ്പോലെ.
ഡ്രൈവിങ്ങിലെ ബ്ലൈൻഡ് സ്പോട്ട് പോലെ മൈതാനത്ത് എപ്പോഴും കാണാമറയത്തു നിന്ന ഫുട്ബോളർമാരിലെ ഒരു വംശത്തിന്റെ രാജാവാണ് ബുസ്കെറ്റ്സ്. ഡിഫൻസീവ് മിഡ്ഫീൽഡർ, ഹോൾഡിങ് മിഡ്ഫീൽഡർ എന്നെല്ലാം ഫുട്ബോൾ പണ്ഡിതർമാർ പേരു നൽകിയ ഈ വംശത്തിന്റെ ഏറ്റവും വലിയ ആയുധം അവരുടെ ഈ അദൃശ്യത തന്നെയായിരുന്നു. കാണികളും ക്യാമറകളും കാണാത്ത പോലെ എതിർ ടീം കളിക്കാരും അവരെ കണ്ടില്ല.
പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയിൽ നിരതെറ്റി ഒറ്റപ്പെട്ടു നിൽക്കുന്ന അവരുടെ സാന്നിധ്യം അനുഭവഭേദ്യമാവുക വളരെ വൈകിയാണ്. ഒരു കുറിയ പാസിലൂടെ കൊളുത്തിവിട്ട തിരി മെല്ലെ പടർന്ന് അപ്പുറം ഗോൾപോസ്റ്റിൽ തീ പടർത്തുമ്പോഴായിരിക്കും അത്. അല്ലെങ്കിൽ പന്തുമായി പാഞ്ഞു വന്ന എതിർ ടീം സ്ട്രൈക്കർ പൊടുന്നനെ നിരായുധനാവുമ്പോൾ. അല്ലാത്ത സമയങ്ങളിൽ അലസഗമനങ്ങളിലൂടെ കളിയുടെ ടെംപോ കളയുന്ന രസംകൊല്ലികൾ എന്നതായിരിക്കും അവർക്കു നേരെയുള്ള ആരോപണം.
തനിക്കു മുൻപ് ക്ലോദ് മക്കലെലെയും തനിക്കു ശേഷം എൻഗോളോ കാന്റെയുമെല്ലാം അനശ്വരമാക്കിയ ഈ റോളിനെ തന്റേതായ രീതിയിൽ കസ്റ്റമൈസ് ചെയ്തു ബുസ്കെറ്റ്സ്. സാന്നിധ്യം കൊണ്ടു തന്നെ സ്ട്രൈക്കർമാരെ തകർത്തു കളഞ്ഞ മക്കലെലെയെപ്പോലെ ഒരു ഡെസ്ട്രോയർ ആയിരുന്നില്ല ബുസ്കെറ്റ്സ്. മൈതാനമൊന്നാകെ കവർ ചെയ്ത കാന്റെയെപ്പോലെ ഒരു റൈഡറും ആയിരുന്നില്ല. സഹതാരങ്ങളാലും എതിർ കളിക്കാരാലും ചുറ്റപ്പെട്ടു നിൽക്കുന്ന ചെറിയ ഇടങ്ങളായിരുന്നു ബുസ്കെറ്റ്സിന്റെ ഭരണപ്രദേശം. അവിടെ വെണ്ണയിൽ നിന്ന് നൂലെടുക്കുന്ന മാർദവത്തോടെ പന്തിനെ സ്വന്തമാക്കി ബുസ്കെറ്റ്സ്.
അനായാസേന എന്നു തോന്നിപ്പിക്കുന്ന പുൾ ബാക്കുകളിലൂടെയും ഹീൽ ടേണുകളിലൂടെയും സാവധാനം സുരക്ഷിത സ്ഥാനങ്ങൾ തേടി നടന്നു. പിന്നീട് സൂചിക്കുഴയിലെന്ന പോലെ അവ കോർത്ത് അപ്പുറം പകുതിയിലേക്കു നൽകി. പ്രതിസന്ധികളിൽ നിന്ന് ടീമിനെ രക്ഷിച്ചെടുക്കുന്ന വീരനായകനായിരുന്നില്ല അയാൾ. കാരണം ബുസ്കെറ്റ്സ് ഉള്ളപ്പോൾ അവിടെ പ്രതിസന്ധികൾ ഉണ്ടാവുന്നില്ല എന്നതു കൊണ്ടു തന്നെ!
നല്ല രീതിയിൽ കഴിഞ്ഞു പോയ ഒരു ക്രിക്കറ്റ് മത്സരത്തിലെ അംപയർമാരെ ആരും ഓർക്കില്ല എന്നതു പോലെത്തന്നെയാണ് ബുസ്കെറ്റ്സിനെപ്പോലുള്ള കളിക്കാരുടെ കാര്യവും. ടീം 5-0നു ജയിച്ച ഒരു കളിയിൽ ആരും അവരുടെ സംഭാവനകളെ വിലമതിക്കില്ല. ടീം ഒരു ഗോളിനു പരാജയപ്പെട്ട കളികളിലായിരിക്കും അവർ സ്മരിക്കപ്പെടുക- അതാവട്ടെ പിഴവുകൾ കൊണ്ടു മാത്രവും. 2008 മുതൽ 2015 വരെ 5 ലാലിഗ കിരീടങ്ങളും 3 ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടിയ ബാർസിലോന ടീമിന്റെ എൻജിൻ ആയി നിലയ്ക്കാതെ പ്രവർത്തിച്ചിട്ടും സഹതാരങ്ങളായ ഇനിയേസ്റ്റയ്ക്കും ചാവിക്കുമെല്ലാം ലഭിച്ച താരപ്പകിട്ട് ബുസ്കെറ്റ്സിനുണ്ടായില്ല.
ബലോൻ ദ്യോർ പുരസ്കാരപ്പട്ടികയിൽ ഒരിക്കൽ പോലും ആദ്യ ഇരുപതിൽ ബുസ്കെറ്റ്സിന് ഇടം ലഭിച്ചിട്ടില്ല എന്നറിയുമ്പോൾ ആശ്ചര്യത്തെക്കാളേറെ അനീതിയാണ് അനുഭവപ്പെടുക. വളരെ വൈകിയാണ് വിലമതിക്കപ്പെടുക എന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ വിധി ബുസ്കെറ്റ്സിനെയും പിന്തുടർന്നു. ഒടുവിൽ 2024ൽ സ്പാനിഷ് സഹതാരം റോഡ്രി ബലോൻ ദ്യോർ പുരസ്കാരജേതാവായപ്പോൾ ആദരിക്കപ്പെട്ടത് ബുസ്കെറ്റ്സ് ഉൾപ്പെടെയുള്ള മുൻഗാമികൾ കൂടിയാണ്.
എന്നാൽ ബുസ്കെറ്റ്സിന്റെ സംഭാവനകൾക്ക് കളിയുടെ 90 മിനിറ്റിനുള്ളിൽ തന്നെ മനസ്സു കൊണ്ടു നന്ദി പറഞ്ഞ ഒരു കൂട്ടരുണ്ട്- ടീമിന്റെ പരിശീലകർ. സൈഡ് ലൈനിൽ ഇരിപ്പുറയ്ക്കാതെ കളി കാണുന്ന അവരുടെ നെഞ്ചിടിപ്പിന്റെ താളം കാക്കുന്ന പേസ് മേക്കർ കൂടിയാണ് ബുസ്കെറ്റ്സ്.
ബാർസിലോന പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോള മുതൽ 2010 ലോകകപ്പിൽ സ്പെയിൻ ടീമിനെ വിജയത്തിലേക്കു നയിച്ച വിചെന്റെ ഡെൽബോസ്കെ വരെ അക്കൂട്ടത്തിലുണ്ട്. യൊഹാൻ ക്രൈഫിന്റെ ഡ്രീം ടീമിൽ താൻ തുടക്കമിട്ട റോളിനെ തന്റെ ടിക്കിടാക്ക ടീമിൽ പൂർണതയിലെത്തിച്ച കളിക്കാരനായിരുന്നു പെപ്പിന് ബുസ്കെറ്റ്സ്.
ഞാൻ ഒരു കളിക്കാരനാവുകയാണെങ്കിൽ ബുസ്കെറ്റ്സിനെപ്പോലെയുള്ള ഒരാളാവാനാണ് ആഗ്രഹിക്കുക എന്നായിരുന്നു ഡെൽബോസ്കെയുടെ വാക്കുകൾ. ബുസ്കെറ്റ്സിന്റെ പ്രതിഭയെ ആറ്റിക്കുറുക്കിയ ഒരു വിശേഷണവും ഡെൽബോസ്കെയുടെ പേരിലാണ് അറിയപ്പെടുന്നത്. നിങ്ങൾ കളി കണ്ടിരുന്നാൽ ഒരു പക്ഷേ ബുസ്കെറ്റ്സിനെ കാണാനാവില്ല. പക്ഷേ നിങ്ങൾ ബുസ്കെറ്റ്സിനെ നോക്കിയിരുന്നാൽ കളി പൂർണമായും നിങ്ങൾക്കു കാണാം…
സ്പെയിനിലെ കാറ്റലൂണിയൻ പ്രദേശത്ത് വ്യാവസായിക വിപ്ലവത്തിനു തുടക്കമിട്ട സബഡെൽ നഗരത്തിലാണ് ബുസ്കെറ്റ്സിന്റെ ജനനം. പിതാവ് കാൾസ് ബുസ്കെറ്റ്സിന്റെ പാത പിന്തുടർന്നാണ് സെർജിയോ എഫ്സി ബാർസിലോനയിലെത്തുന്നത്. ഗോൾകീപ്പറായിരുന്ന പിതാവിന്റെ മുന്നിലെന്ന പോലെ ഡിഫൻസീവ് മിഡ്ഫീൽഡറായി മൈതാനത്ത് നിലയുറപ്പിച്ച ബുസ്കെറ്റ്സ് നേട്ടങ്ങളിലും അതു പിന്തുടർന്നു.
ബാർസ സീനിയർ ടീമിനു വേണ്ടി 79 മത്സരങ്ങൾ കളിച്ച അച്ഛൻ 2 ലാലിഗ കിരീടങ്ങളും ഒരു യൂറോപ്യൻ കപ്പുമാണ് നേടിയതെങ്കിൽ മകൻ കൈവരിച്ചത് 9 ലാലിഗയും 3 ചാംപ്യൻസ് ലീഗുമാണ്. പക്ഷേ ഈ കണക്കുകൾ കൊണ്ടും ബുസ്കെറ്റ്സിനെ നിർവചിക്കാനാവില്ല. കാരണം മൈതാനത്ത് എന്തു സംഭവിച്ചു എന്നതല്ല എന്തു സംഭവിച്ചില്ല എന്നതാണ് ബുസ്കെറ്റ്സിനെ അനശ്വരനാക്കുന്നത്. അതു കാണാനുള്ള ശേഷി കണ്ണുകളും ക്യാമറകളും നമുക്കു നൽകുന്നില്ലെന്നു മാത്രം…