Footy Times

ഡിയർ ഫെർഗി , യൂ ആർ അവർ ബോസ്

0 307

1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ, ബാർസലോണ ന്യൂ ക്യാമ്പ് സ്റ്റേഡിയത്തിൽ ആവേശക്കൊടുമുടിയിൽ നടന്നു കൊണ്ടിരിക്കുന്നു. സ്കോർ ബോർഡിൽ സമനില. കളി അവസാനിക്കാൻ സെക്കൻ്റുകൾ മാത്രം ബാക്കി. കുമ്മായവരകൾക്കിപ്പുറം തന്റെ കളിക്കാരെ പ്രതീക്ഷയോടെ നോക്കി മധ്യവയസ്സ് പിന്നിട്ട ആ പരിശീലകൻ. ബയേൺ ബോക്സിലേക്ക് വന്ന പന്ത് കോർണറിലേക്ക് പോകുന്നു. ഡേവിഡ് ബെക്കാമിൻ്റെ കിക്ക്. ബോക്സിൽ ഷെറിംഗ്ഹാമിൻ്റെ കാലിൽ തട്ടിയ പന്ത് ഒലെ സോൾ ഷെയർ വലയിലെത്തിച്ചപ്പോൾ ഡഗൗട്ടിൽ ഇരുന്ന ആ മനുഷ്യൻ മറ്റൊരു ചരിത്രത്തിൻ്റെ ഭാഗമാകുകയായിരുന്നു.

വർഷം 1986. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ തപ്പിതടഞ്ഞു താഴെതട്ടിലേക്ക് വീണുകൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും ലീഗിൽ പിടിച്ചു നിൽക്കാൻ പരിശീലകനെ മാറ്റി അവർ സ്കോട്ടിഷ് ലീഗിൽ അബർദീൻ എഫ് സിക്ക് മികച്ച വിജയങ്ങൾ സമ്മാനിച്ച ഒരു 45കാരനെ താത്കാലിക പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് കരുതി പരിശീലകൻ ആയി നിയമിക്കുന്നു. ഏറിയാൽ കുറച്ച് കാലം മാത്രം നിൽക്കും എന്ന് കടുത്ത മാഞ്ചെസ്റ്റർ ആരാധകർ പോലും കരുതിയ അയാൾ 2013 മെയ്‌ 19 ന് അവിടെ നിന്ന് വിടപറയുമ്പോൾ നീണ്ട 26 വർഷം പിന്നിട്ടിരുന്നു. സർ അലക്സ്‌ ഫെർഗൂസൺ എന്ന ആ പരിശീലകൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലാമായിരുന്നു. ഷേക്സ്പിയർ നാടകങ്ങളുടെ ശുഭപര്യവസാനം പോലെ സുന്ദരമായ ഒന്ന്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു ഫുട്ബോൾ ക്ലബ്ബിനേക്കാൾ ഒരു ബ്രാൻഡ് ആക്കി മാറ്റി എന്നതാണ് ഫെർഗൂസൺ ഇംഗ്ലീഷ് ഫുട്ബോളിന് നൽകിയ വലിയ സമ്മാനം.  തന്റെ 26 വർഷത്തെ യുണൈറ്റഡ് ജീവിതത്തിൽ സ്വപ്നങ്ങളുടെ തിയേറ്ററിൽ ഫെർഗി നെയ്ത നാടകങ്ങൾ എക്കാലവും ക്ലബ്ബിന്റെ സുവർണ്ണകാലഘട്ടമായി വിലയിരുത്തും.

ലോകം കണ്ട ഏറ്റവും മികച്ച ഇതിഹാസ പരിശീലകന്റെ ജീവിതം മകൻ ജേസൺ ഫെർഗൂസൺ തിരശീലയിലേക്ക് 2021ൽ ഡോക്യുമെന്റ്റി ആയി സമ്മാനിച്ചപ്പോൾ ഫുട്ബോൾ ആരാധകർക്ക് ഒരു അത്ഭുത വിരുന്നാണ് ലഭ്യമായത്.

തന്റെ കുട്ടികാലം മുതൽ ജീവിതത്തിന്റെ ഭാഗമായ റേഞ്ചേഴ്സ് എഫ് സി, അബേർദീൻ , മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ, അവിടെ നേരിട്ട പ്രശ്നങ്ങൾ, വിജയവും തോൽവിയും കീരിടങ്ങളും, ഭാര്യയും കുടുംബവും, അവസാനം ജീവൻ തന്നെ നഷ്ടമാവും എന്ന് കരുതിയ 2018 ൽ നടന്ന ബ്രെയിൻ തകരാർ എന്നിവയെ കുറിച്ച് “SIR ALEX FERGUSON, NEVER GIVE IN “എന്ന ചിത്രത്തിലൂടെ നമുക്ക് കാണാം. ഒരു ഫെർഗൂസൺ ജീവിതത്തിനിപ്പുറം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും യൂറോപ്യൻ ഫുട്ബോളിന്റെയും ചരിത്രം കൂടെ ഈ ചിത്രം പറഞ്ഞ് വെക്കുന്നു.

ഇന്നും ഓരോ ഹോംമത്സരങ്ങൾക്കും ഓൾഡ് ട്രാഫോർഡ് ഗാലറിയിൽ ഫെർഗിയെ കാണാം. മാഞ്ചസ്റ്റർ യുണൈറ്റഡ്ൽ നേടിയ ആദ്യ എഫ് എ കപ്പ്, പ്രീമിയർ ലീഗ്, 1999 ൽ നേടിയ ട്രെബിൾ കിരീടങ്ങൾ, റയാൻ ഗിഗ്‌സ് മുതൽ എറിക് കന്റോന , ബെക്കാം, സ്കോളേസ്, റൊണാൾഡോ, റൂണി തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ആഗമനവും വളർച്ചയും, അവസാനം 2013 ലെ ആ പടിയിറക്കവും ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും സന്തോഷവും, നൊമ്പരവും, അഭിമാനവും സമ്മാനിക്കുന്നു. കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രം എന്നും ഫെർഗൂസണ് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തും.

പ്രമുഖ ഇംഗ്ലീഷ് കമന്റെറ്റർ പീറ്റർ ഡ്യൂറി പറഞ്ഞപോലെ

“The man who have 5 FA cup, 10 Community shield, 1 European super cup, 1 FIFA club World Cup , 2 champions league, and 13 Premier league, the greatest British manager sir Alex Ferguson the incredible”

Dear Fergi, you are so special for us.