ഡീഗോയൊഴിഞ്ഞ ഫുട്ബാൾ ഗാലെറിക്ക് ഇന്നേക്ക് ഒരാണ്ട്
മറഡോണയെന്ന ഇതിഹാസം വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ലോക ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ മറഡോണയെയും അദേഹത്തിന്റെ കളി നിമിഷങ്ങളെയും ആരാധകർ ഇന്നും പഴയ ആവേശത്തോടെ നെഞ്ചേറ്റുന്നു.
മറഡോണ പുഴ പോലെ ഒഴുകിയ വ്യക്തിയായിരുന്നു. കളത്തിനകത്തും പുറത്തും അയാൾ നിഷേധിയായി ജീവിച്ചു. മറ്റുള്ള താരങ്ങളെല്ലാം പലതിനോടും സമരസപ്പെട്ട് ജീവിച്ചപ്പോൾ മറഡോണ വ്യവസ്ഥിതിയോട് കലഹിച്ചു കൊണ്ടേയിരുന്നു. അയാൾ ഫിദൽ കാസ്ട്രോയെ സുഹൃത്തായി കണ്ടു. ചെഗുവേരയെ തന്റെ ശരീരത്തിൽ പച്ച കുത്തി. ഏകാധിപത്യ ഭരണങ്ങളോട് തന്റെ എതിർപ്പ് പ്രകടിപ്പിച്ചു. തെരുവിൽ ജനിച്ചു വളർന്ന മറഡോണ അതിന്റെ എല്ലാ അനിശ്ചിതത്വവും തന്റെ ജീവിതത്തിലും അവശേഷിപ്പിച്ചു.നാപോളിയിൽ പന്ത് തട്ടാനെടുത്ത തീരുമാനം പോലും ഇതിന്റെ ബാക്കിയാകണം.
ലോക റെക്കോർഡ് തുകക്കായിരുന്നു മറഡോണ ബൊക്ക ജൂനിയേഴ്സിൽ നിന്ന് ബാഴ്‌സയിലെത്തിയത്. 1982 ലോകകപ്പിന് ശേഷമായിരുന്നു ഇത്. ബാഴ്‌സയിൽ മികച്ച രീതിയിൽ കരിയർ തുടങ്ങിയ മറഡോണ ചിര വൈരികളായ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ സ്റ്റാൻഡിങ് ഓവേഷൻ ലഭിക്കുന്ന ആദ്യ ബാഴ്‌സ താരമായി മാറി. 1984 ലെ കോപ്പ ഡൽ റേ ഫൈനലിന് ശേഷം എതിരാളികളായ ബിൽബാവോ താരങ്ങളുമായി മൽപ്പിടിത്തം നടത്തിയതോടെ മറഡോണയുടെ വഴി പുറത്തേക്കായിരുന്നു. മറ്റൊരു ലോക റെക്കോർഡ് തുകക്ക് നാപ്പോളിയിലേക്കുള്ള മറഡോണയുടെ കൂട് മാറ്റം ഏവരെയും അമ്പരപ്പിച്ചു.
നേപ്പിൾസ് ഇറ്റലിയിലെ താരതമ്യേന സമ്പന്നമായ വടക്കൻ നഗരങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അക്രമങ്ങളും അരങ്ങേറിയിരുന്ന നേപ്പിൾസിനെ ഓർത്തു അഭിമാനിക്കാൻ ഇറ്റലിക്ക് ഒന്നുമുണ്ടായിരുന്നില്ല. എപ്പോഴും രണ്ടാം കിട പൗരന്മാർ ആയാണ് അവരെ മറ്റുള്ളവർ കണ്ടിരുന്നത്.നേപ്പിൾസിലെ ജനങ്ങൾ അഭയം കണ്ടെത്തിയത് ഫുട്ബോളിലായിരുന്നു. നാപ്പോളി അവരുടെ ഹൃദയമായിരുന്നു. ആ നാപ്പോളിയിലേക്കാണ് മറഡോണ വന്നു കേറിയത്. തടിച്ചു കൂടിയ 75,000ഓളം ഫാൻസിന്റെ മുന്നിൽ മറഡോണയെ നാപ്പോളി അവതരിപ്പിച്ചു. അത് നേപ്പിൾസിന്റെയും മറഡോണയുടെയും തലവര മാറ്റിക്കുറിച്ചു.
മറഡോണ തന്റെ കരിയറിന്റെ പൂർണതയിൽ നാപ്പോളിയിൽ അഴിഞ്ഞാടി.
മറഡോണയുടെ കീഴിൽ നാപ്പോളി ഇറ്റാലിയൻ ലീഗ് കിരീടം ആദ്യമായി നേപ്പിൾസിൽ എത്തിച്ചു. ഇതിഹാസ താരം ദിനോ സെഫ് പോലുള്ളവർക്ക് നാപ്പോളി ജഴ്സിയിൽ സാധിക്കാതെ പോയ നേട്ടമായിരുന്നു അത്. കിരീടങ്ങൾ നാപ്പോളിയുടെ വഴിയേ വീണ്ടും എത്തി തുടങ്ങി. ഫുട്ബോളിലൂടെ, മറഡോണയിലൂടെ നേപ്പിൾസ് ഇറ്റാലിയൻ വമ്പൻമാരോട് കലഹിച്ചു കൊണ്ടേ ഇരുന്നു. നാപ്പോളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായി മറഡോണ യുഗം മാറി. നഗരമെങ്ങും മറഡോണയുടെ ഗ്രാഫിറ്റികൾ നിറഞ്ഞു. തെരുവുകളിൽ മറഡോണ നിറഞ്ഞു നിന്നു. മറഡോണ നഗരത്തിൽ ദൈവമായി മാറി. അർജന്റീനയിലെ തെരുവുകളിൽ പട്ടിണിയോട് മല്ലടിച്ചു പന്ത് തട്ടി വളർന്ന മറഡോണക്ക് നേപ്പിൾസിൽ ഒരു അപരിചിതത്വവും തോന്നിയിരുന്നില്ല.
1986 ലോകകപ്പ് ആയിരുന്നു ഇന്ത്യയിൽ ആദ്യമായി ലൈവ് സംപ്രേഷണം ചെയ്ത ഫുട്ബോൾ ഇവന്റ്. 1982 ലോകകപ്പിലെ സെമി, ഫൈനൽ മത്സരങ്ങൾ മാത്രമാണ് അതിന് മുമ്പ് കാണാൻ പറ്റിയത്. മെക്സിക്കോയിൽ മറഡോണയുടെ കീഴിൽ അർജന്റീന നടത്തിയ കുതിപ്പ് ദൂരദർശനിലൂടെ ഇന്ത്യയും ലൈവ് ആയി കണ്ടു. അത് വരെ പത്രത്തിൽ വായിച്ചും റേഡിയോയിൽ കേട്ടും മാത്രം പരിചയമുള്ള മറഡോണയെ മറ്റേതൊരു ഫുട്ബോൾ ആരാധകരെയും പോലെ ഇന്ത്യയിലെ ജനങ്ങളും നെഞ്ചിലേറ്റി. ഇംഗ്ലണ്ടിനെതിരെ കുപ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ ‘ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗോൾ നേടിയ മറഡോണ അതെ കളിയിൽ തന്നെ ഫിഫ നൂറ്റാണ്ടിന്റെ ഗോൾ ആയി തിരഞ്ഞെടുത്ത ഗോളും നേടി ഒരേ സമയം വില്ലനും ഹീറോയും ആയി മാറി. ഏറെ ആഘോഷിക്കപ്പെടുന്ന കൊൽക്കത്ത ഡെർബിയിൽ ഒരു മുൻ ഇന്ത്യൻ താരം മറഡോണയെ അനുകരിച്ചു കൈ കൊണ്ട് ഗോൾ നേടാൻ ശ്രമിച്ചത് മുമ്പെങ്ങോ വായിച്ചത് ഓർക്കുന്നു. മറഡോണയുടെ ആ കുതിപ്പ് അവസാനിച്ചത് ലോക കിരീടത്തോടെ ആയിരുന്നു. അസ്റ്റെക് സ്റ്റേഡിയത്തിൽ ജർമനിയെ കീഴടക്കി കപ്പുയർത്തിയ അർജന്റീനയും മറഡോണയും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു.
പെലെ യെ പോലെയോ മെസ്സിയെ പോലെയോ ചട്ടക്കൂടുകൾക്കുള്ളിൽ പന്ത് തട്ടിയ വ്യക്തിയല്ല മറഡോണ. ഒരു തെമ്മാടിയെ പോലെ അയാൾ തന്റെതായ ലോകത്ത് അഭിരമിച്ചു. ആരാധകർ അയാളെ സ്നേഹിച്ചു കൊണ്ടേയിരുന്നു. ബ്യൂനസ് അയേഴ്‌സിലെ തെരുവുകളിൽ നിന്ന് പന്ത് തട്ടി തുടങ്ങിയ മറഡോണ യൂറോപ്പിലെ കളി മൈതാനങ്ങളിലൂടെ ചേക്കേറിയത് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു. ഫുട്ബോളിൽ ഒരേ ഒരു ദൈവമേ ഉള്ളൂ. അത് മറഡോണയാണ്. ഡീഗോ അർമാൻഡോ മറഡോണ.
Discover more from
Subscribe to get the latest posts sent to your email.