Footy Times

സൂപ്പർ ലീഗ്: തകർപ്പൻ ജയത്തോടെ കാലിക്കറ്റ് എഫ്‌സി രണ്ടാമത്

0

തിരുവനന്തപുരം: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ 4-1 ന് തകർത്ത് കാലിക്കറ്റ് എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി മുഹമ്മദ് റിയാസ്, അബ്ദുദുൽ ഹക്കു, ഏണസ്റ്റ് ബർഫോ, ബെൽഫോർട്ട് എന്നിവർ ഗോൾ നേടിയപ്പോൾ കൊമ്പൻസിന്റെ ഏക ഗോൾ ബ്രസീലുകാരൻ ഡവി കൂനാണ് നേടിയത്.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കാലിക്കറ്റ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. ആറ് കളിയിൽ 10 പോയന്റുമായി കാലിക്കറ്റ് രണ്ടാം സ്ഥാനത്തും ആറ് കളിയിൽ ആറ് പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്.

സെനഗൽ താരം പപ്പെ അബ്ദുല്ലായേവിനെ പ്രതിരോധത്തിലും ഘാനക്കാരൻ ഏണസ്റ്റ് ബർഫോയെ മുന്നേറ്റ നിരയിലും അണിനിരത്തിയാണ് കാലിക്കറ്റ് ഇറങ്ങിയത്. നാല് ബ്രസീൽ താരങ്ങളുമായി പാട്രിക് മോട്ടയുടെ നേതൃത്വത്തിൽ കൊമ്പൻസും കളത്തിലിറങ്ങി.

പതിനായിരത്തോളം കാണികൾ സാക്ഷ്യം വഹിച്ച മത്സരത്തിന്റെ നാലാം മിനിറ്റിൽ ബെൽഫോർട്ടിന്റെ ഗോൾശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. തുടർന്ന് നിരന്തരം ആക്രമിച്ചു കളിച്ച കാലിക്കറ്റ് പന്ത്രണ്ടാം മിനിറ്റിൽ ലീഡെടുത്തു. ഗനി നിഗം എടുത്ത ഫ്രീകിക്ക് തോയ് സിംഗ് ഹെഡ് ചെയ്തത് മുഹമ്മദ് റിയാസ് വലയിലെത്തിച്ചു (1-0).

ഇരുപതാം മിനിറ്റിൽ ഗനി നിഗമിന്റെ കോർണറിൽ നിന്ന് അബ്‌ദുൽ ഹക്കു ഹെഡ് ചെയ്ത് കാലിക്കറ്റ് ലീഡുയർത്തി (2-0).

ഇരുപത്തിയെട്ടാം മിനിറ്റിൽ ഗനി നിഗമിന്റെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് മൂന്നാം ഗോളും നേടി. തോയ് സിംഗിന്റെ ക്രോസ് റിയാസ് മൈതാനത്തേക്ക് ഇറക്കി നൽകിയത് ഏണസ്റ്റ് ബർഫോ ഗോളാക്കി മാറ്റി (3-0).

രണ്ടാം പകുതിയുടെ തുടക്കത്തിൽ വിഷ്ണു, വൈഷ്‌ണവ് എന്നിവരെ കൊമ്പൻസും ബ്രിട്ടോയെ കാലിക്കറ്റും പകരക്കാരായി ഇറക്കി. നാല്പത്തിയാറാം മിനിറ്റിൽ ഡവി കൂൻ ഒരു ഗോൾ തിരിച്ചടിച്ചു (3-1).

എന്നാൽ അൻപത്തിയൊൻപതാം മിനിറ്റിൽ ബെൽഫോർട്ട് ഗോൾ നേടി കാലിക്കറ്റിന്റെ ലീഡുയർത്തി (4-1).

തുടർന്ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗോളുകൾ പിറന്നില്ല. ആദ്യ പാദത്തിൽ കാലിക്കറ്റും കൊമ്പൻസും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു.

മറ്റു മത്സരങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മത്സരങ്ങളില്ല. ബുധനാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സി ഫോഴ്സ് കൊച്ചിയെ നേരിടും. കൊച്ചിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറം എഫ്സി 2-0 ന് ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചിരുന്നു. സൂപ്പർ ലീഗ്


Discover more from

Subscribe to get the latest posts sent to your email.