Footy Times

സൗത്ത് ഡെർബിയിൽ ബ്ലാസ്റ്റേഴ്സ്

0

ഇന്ത്യൻ സൂപ്പർ ലീഗിലെ സൗത്ത് ഡെർബിയിൽ ചെന്നൈയിൻ എഫ്സിയെ തകർത്തു വിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊമ്പൻമാരുടെ ജയം. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിംനസ് , കൊറോ സിംഗ് , ക്വാമി പെപ്രാ എന്നിവർ ഗോൾ കണ്ടെത്തി. ഇരുവരും തമ്മിൽ നവംബറിൽ നടന്ന ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു വിജയം.

പ്ലേയോഫ് സാധ്യതകൾ സജീവമാക്കാൻ വിജയം ഇരുടീമുകൾക്കും നിർണായകമായ മത്സരത്തിൽ ആദ്യം മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കോറോ സിംഗ് തുടങ്ങിവച്ച മുന്നേറ്റത്തിന് ഒടുവിൽ മനോഹരമായ ഫിനിഷിലൂടെ വലയിൽ എത്തിച്ച ജീസസ് സീസണിലെ ഗോൾ നേട്ടം 11 ആയി ഉയർത്തി. 37ാം മിനുട്ടിൽ ചെന്നൈയിൻ 10 പേരായി ചുരുങ്ങി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ഡ്രിൻസിച്ചിനെ അകാരണമായി ഇടിച്ചു വീഴ്ത്തിയ വിൽമർ ജോർദാൻ ചുവപ്പുകാർഡ് കണ്ടു പുറത്തു പോകേണ്ടിവന്നു. ആളെണ്ണത്തിൽ മുന്നിലെത്തിയ കൊമ്പന്മാർ ഇടവേള വിസിലിന് തൊട്ടുമുമ്പ് ലൂണയുടെ അസിസ്റ്റിൽ കോറോ സിങ്ങിലൂടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോൾ കണ്ടെത്തി. ഇടതുവിങ്ങിൽ നിന്നും പ്രതിരോധനിരയുടെ മുകളിലൂടെ ലൂണ നൽകിയ പാസ് പെപ്പ്ര വലയിൽ എത്തിച്ചതോടെ ബ്ലാസ്റ്റേഴ്സിന്റെ വിജയം ആധികാരികമായി. ഏറെനാൾ പരിക്കു മൂലം പുറത്തിരുന്ന ഇഷാൻ പണ്ഡിത പകരക്കാരനായി ഇറങ്ങിയത് ബ്ലാസ്റ്റേഴ്സിന് ഏറെ ആശ്വാസം പകരുന്നതാണ്. രണ്ടാം പകുതിയുടെ അവസാനം മിനുട്ടിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം വിൻസി ബരെറ്റോ ചെന്നൈയുടെ ആശ്വാസഗോൾ കണ്ടെത്തി. മത്സരത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയോഫ് സാധ്യതകൾ സജീവമായപ്പോൾ ചെന്നൈയുടേ പ്രതീക്ഷകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 15ന് കൊച്ചിയിൽ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply